ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്റെ മറുപടി തേടി

ന്യൂദല്‍ഹി- രണ്ടര വര്‍ഷത്തിലേറെയായി ജയില്‍ കഴിയുന്ന ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന് നോട്ടീസയച്ചു. ദല്‍ഹി കലാപത്തിന്  ഗൂഡാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഉമര്‍ ഖാലിദിന്റെ ഹരജി. ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ആറാഴ്ചക്ക് ശേഷം കേസ് വീണ്ടും  പരിഗണിക്കുമെന്ന് വ്യക്തമാക്കി.
അതേസമയം അടിയന്തിരമായി കേസ് പരിഗണിക്കാന്‍ ഉമര്‍ ഖാലിദിന് അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ അനുവദിക്കണമെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഉമര്‍ ഖാലിദിന് വേണ്ടി  ഹാജരായത്.  ക്രിമിനല്‍ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘംചേരല്‍, യു.എ.പി എ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 2020 സെപ്റ്റംബറിലാണ് ഖാലിദിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

 

Latest News