റിയാദ്- സൗദി അറേബ്യയിലെ ലുലുഹൈപര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ ഫെസ്റ്റിവല്‍ തുടങ്ങി. 12 രാജ്യങ്ങളില്‍ നിന്നുള്ള 100 ലധികം ഇനം മാമ്പഴങ്ങളെ അണിനിരത്തുന്ന ഫെസ്റ്റിവല്‍ റിയാദ് മുറബ്ബ അവന്യൂമാളിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ 60 ഓളം ഇനങ്ങളും സൗദി അറേബ്യയിലെ 24 ഇനങ്ങളും ഫെസ്റ്റിവലില്‍ പ്രത്യേകമായി സ്ഥാനം പിടിച്ചിട്ടുണ്ട്. ശ്രീലങ്ക, തായ്‌ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ, യെമന്‍, ഉഗാണ്ട, കെനിയ, ഐവറി കോസ്റ്റ്, കൊളമ്പിയ, പെറു എന്നിവിടങ്ങളില്‍ നിന്നാണ് മറ്റു മാമ്പഴവൈവിധ്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ലുലു ഹൈപര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദും ലുലുവിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
മാങ്ങ ഉപയോഗിച്ച് നിര്‍മിച്ച അച്ചാറുകള്‍, ഉപ്പിലിട്ടത് അടക്കമുള്ള ഭക്ഷ്യവസ്തുക്കളും മേളയില്‍ ലഭ്യമാണ്. മാംഗോ ഫിഷ് കറി, മാംഗോ ചിക്കന്‍ കറി, ഹണി മാംഗോ സോസ്, മാംഗോ പുരി എന്നിവയും ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം 23നാണ് ഫെസ്റ്റിവല്‍ സമാപിക്കുക.
ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. പല രാജ്യങ്ങളിലും വളരുന്നുണ്ടെങ്കിലും മികച്ച ഇന്ത്യന്‍ ഭക്ഷണമെന്ന നിലയില്‍ പൊതുഅംഗീകാരം നേടിയതാണ് മാമ്പഴമെന്നും ലോകത്തിന്റെ രുചിവൈവിധ്യങ്ങള്‍ സൗദിയില്‍ എത്തിക്കുന്നതില്‍ ലുലുവിന്റെ പങ്ക് വലുതാണെന്നും അംബാസഡര്‍ പറഞ്ഞു. സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിച്ച സൗദി ഭരണാധികാരികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
വൈറ്റമിനും നാരുകളും അടങ്ങിയ ഈ ഉഷ്ണകാല പഴം അതിന്റെ ആരാധകര്‍ക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും സൗദിയുടെ സ്വന്തം മാമ്പഴങ്ങള്‍ ഫെസ്റ്റിവലില്‍ എത്തിക്കുക വഴി സൗദിയിലെ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും കൃഷിക്കും പ്രോത്സാഹനമാകുമെന്നും ഷെഹീം മുഹമ്മദ് പറഞ്ഞു. തായ്‌ലന്റ് അംബാസഡര്‍ ദര്‍മ് ബൂന്തവും ചടങ്ങില്‍ സംബന്ധിച്ചു.