VIDEO കര്‍ണാടക ആഘോഷത്തില്‍ പാക് പതാക; വിദ്വേഷ പ്രചാരണം പൊളിച്ച് ഫാക്ട് ചെക്കിംഗ്

ബംഗളൂരു- കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനു പിന്നാലെ മുസ്ലിംകള്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി ആഘോഷിച്ചതായി ബി.ജെ.പിയും സംഘ്പരിവാറും നടത്തിയത് അടിസ്ഥാനമില്ലാത്ത പ്രചാരണം. ഇപ്പോഴും വിദ്വേഷ പ്രചാരണമാണ്. സംഘ്പരിവാര്‍ സംഘടനകളും വ്യക്തികളും പങ്കുവെക്കുന്ന വൈറല്‍ വീഡിയോ ഉത്തര കന്നഡ ജില്ലയിലെ ഭട്കലില്‍ നിന്നുള്ളതാണ്.  ആഘോഷ റാലി ചിത്രീകരിച്ച വീഡിയോയില്‍ ഒരു മുസ്ലിം വ്യക്തി ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച പതാക ഉയര്‍ത്തിയതാണ്് പാകിസ്ഥാന്‍ പതാകയായി പ്രചരിപ്പിക്കുന്നത്.
മുസ്ലിംകള്‍ പാകിസ്ഥാന്‍ ദേശീയ പതാക വീശി പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയെന്നാണ് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രചരിപ്പിച്ചത്.  
അതേസമയം, വീഡിയോയില്‍ കാവി നിറത്തിലുള്ള പതാകയില്‍ ഓം എഴുതിയതും ബാബാസാഹെബ് അംബേദ്കറുടെ ചിത്രമുള്ള നീല പതാകയും  കാണാം.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ അടക്കമുള്ളവര്‍ ആഘോഷം കണ്ടോ എന്ന ചോദിച്ചുകൊണ്ട്  ഈ വീഡിയോ പങ്കുവെച്ചിരുന്നു.
കര്‍ണാടക വിജയാഘോഷത്തില്‍ കാണുന്ന പച്ച പതാകയും പാക്കിസ്ഥാന്‍ പതാകയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പാക്കിസ്ഥാന്‍ പതാക കടുംപച്ചയാണ്. അതിന്റെ ഒരു വശത്ത് വെള്ള സ്ട്രിപ്പുണ്ട്. എന്നാല്‍ റാലിയില്‍ ഉയര്‍ത്തിയ പതാക ഇസ്ലാമിക പതാകയാണ്.
ആഗോളതലത്തില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ടതാണ് ചന്ദ്രക്കലയും നക്ഷത്രചിഹ്നവും. തുര്‍ക്കി, അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അള്‍ജീരിയ, ലിബിയ എന്നിവ ഉള്‍പ്പെടുന്ന ചില ഇസ്ലാമിക രാജ്യങ്ങില്‍ ഈ ചിഹ്നമുണ്ട്.

വിജയാഘാഷോത്തില്‍ എല്ലാ പതാകകളും ഒരേ സമയം സ്ഥാപിച്ചിരുന്നുവെന്ന് വിവിധ ഫാക്ട് ചെക്കിംഗ് സൈറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. പച്ചയും കാവിയും ബാബാസാഹെബ് അംബേദ്കര്‍ പതാകയും. ഹിന്ദുക്കളായ കോണ്‍ഗ്രസ് അനുഭാവികളും മുസ്ലിംകള്‍ ഒരുമിച്ച് ആഹ്ലാദിച്ചതാണെന്നും ഹിന്ദുക്കളുടെ കൈകളില്‍ കാവി പതാകയുണ്ടെന്നും വസ്തുതാ പരിശോധകര്‍ ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ഗ്രസിന്റെ വിജയത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് അഭിനന്ദിച്ചതായി കാണിക്കുന്ന  എഡിറ്റ് ചെയ്ത ട്വീറ്റും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് മോര്‍ഫ് ചെയ്ത ട്വീറ്റാണെന്ന് ചൂണ്ടിക്കാട്ടി വസ്തുതാ പരിശോധകര്‍ തള്ളിക്കളഞ്ഞു.
വസ്തുതകളെ വളച്ചൊടിച്ച് മുസ്‌ലിംകളെ ദേശവിരുദ്ധരെന്നും മറ്റ് സന്ദര്‍ഭങ്ങളില്‍ രാജ്യത്തിന് ഭീഷണിയായ പാകിസ്ഥാന്‍ അനുകൂലികളായും  അവതരിപ്പിക്കുക സംഘ്പരിവാര്‍ ഒരു ശീലമായി തന്നെ മാറ്റിയെടുത്തിട്ടുണ്ട്.

 

 

Latest News