കേരള സ്റ്റോറി പ്രദര്‍ശപ്പിച്ച ശേഷം വിദ്വേഷ പരാമര്‍ശം, സാധ്വി പ്രാചിക്കെതിരെ കേസ്

ജയ്പൂര്‍- വിവാദ ചിത്രമായ 'ദി കേരള സ്‌റ്റോറി'യുടെ പ്രദര്‍ശനത്തിന് ശേഷം സിനിമാ ഹാളില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ വി.എച്ച.്പി നേതാവ് സാധ്വി പ്രാചിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഇവരുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.
സാധ്വി പ്രാചിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ സാമുദായിക സൗഹാര്‍ദത്തിന് വിഘാതമുണ്ടാക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. സിനിമാ പ്രദര്‍ശന പരിപാടിയുടെ കോഓര്‍ഡിനേറ്ററെയും പരിപാടി സംഘടിപ്പിച്ച മറ്റ് ഭാരവാഹികളെയും ചോദ്യം ചെയ്യുമെന്ന് ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) റാഷി ദോഗ്ര ദുഡി പറഞ്ഞു.
അസിസ്റ്റന്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മദന്‍ലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വിദ്യാധര്‍ നഗര്‍ സര്‍ക്കിള്‍ ഓഫീസര്‍ വീരേന്ദ്ര കുരില്‍ പറഞ്ഞു. മെയ് 14 മുതല്‍ പ്രചരിക്കുന്ന വീഡിയോ ആണ് ഇതെന്ന് പോലീസ് പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തിനെതിരെ ജാഗ്രത പാലിക്കാന്‍ സ്ത്രീ പ്രേക്ഷകരോട് ആവശ്യപ്പെടുന്ന വി.എച്ച്.പിയുടെ തീപ്പൊരി പ്രസംഗക രാജ്യത്തുടനീളമുള്ള രാമനവമി ഘോഷയാത്രകളില്‍നടന്ന അക്രമവും തീവെപ്പും ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
പെണ്‍മക്കള്‍ ശ്രദ്ധിക്കുക, ഈ ആളുകള്‍ 32 ശതമാനം മാത്രമാണ്. രാമനവമി ഘോഷയാത്രകള്‍ പോലും അനുവദിക്കാത്ത സ്ഥിതിയായി. അവര്‍ 40 (ശതമാനം) കവിഞ്ഞാല്‍ നമ്മുടെ പെണ്‍മക്കള്‍ക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതാണ് 'ദി കേരള സ്‌റ്റോറി' വിശദീകരിക്കാന്‍ ശ്രമിക്കുന്നതെന്നും വൈറല്‍ വീഡിയോയില്‍ അവര്‍ പറയുന്നു.
ആദ ശര്‍മ്മ അഭിനയിച്ച ദി കേരള സ്‌റ്റോറി എന്ന വിവാദ സിനിമ മെയ് അഞ്ചിനാണ്് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായെന്നും തീവ്രവാദ ഗ്രൂപ്പായ ഐഎസ് അവരെ റിക്രൂട്ട് ചെയ്‌തെന്നും സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആരോപിക്കുന്നു.

 

Latest News