Sorry, you need to enable JavaScript to visit this website.

സാദിഖലി തങ്ങള്‍ക്കെതിരായ പരിഹാസം; യഹ്‌യാഖാനെ മുസ്ലിം ലീഗ് പദവികളില്‍നിന്ന് നീക്കി

കല്‍പറ്റ- മുസ്‌ലിംലീഗ് വയനാട് ജില്ലാ ട്രഷറര്‍ യഹ്‌യാഖാന്‍ തലക്കലിനെ ട്രഷറര്‍ സ്ഥാനമുള്‍പ്പെടെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കിയതായി പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അറിയിച്ചു. അന്വേഷണ വിധേയമായാണ് നടപടിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മുസ്‌ലിം ലീഗ് വയനാട് ജില്ല ഭാരവാഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് അച്ചടക്ക നടപടിക്ക് കാരണം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമര്‍ശം. താനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നില്‍ക്കുന്ന ഫോട്ടോ അധിക്ഷേപകരമായ അടിക്കുറിപ്പോടെ ഗ്രൂപ്പിലിടുകയായിരുന്നു. രാഷ്ട്രീയപരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട സമയത്ത് പിണറായിയെ ഇരു നേതാക്കളും സ്വീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരിഹാസം.

താനൂര്‍ ബോട്ടപകടമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ കുഞ്ഞാലിക്കുട്ടി, താന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം അടുത്ത ദിവസം താനൂരിലെത്തുമെന്നും പറഞ്ഞിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരിലെത്തി, ആശുപത്രിയിലും മറ്റും സന്ദര്‍ശനം നടത്തുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടത്തും വലത്തുമായി ഒപ്പമുണ്ടായിരുന്നു.
നേരത്തേ രണ്ടുതവണ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ് യഹ്‌യാഖാന്‍. ഒരുതവണ ജിഫ്രി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിലായിരുന്നു നടപടി.

 

Latest News