ചെങ്ങന്നൂര്‍- ആലപ്പുഴ ചെങ്ങന്നൂരില്‍ അമ്മ നോക്കി നില്‍ക്കെ ടിപ്പര്‍ ലോറിയിടിച്ച് മകന് ദാരുണാന്ത്യം. കല്ലിശേരി അഴകിയകാവ് ദേവി ക്ഷേത്രത്തിലെ കഴകം ജിവനക്കാരന് ഉമയാറ്റുകര ഉണ്ടേച്ചാട് രാജേഷിന്റെ മകന് അക്ഷയ് (ശ്രീഹരി10) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ തിരുവന്‍വണ്ടൂരിലെ ഉമയാറ്റുകര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടം.
തിരുവന്‍വണ്ടൂര്‍ ക്ഷേത്ര ഉല്‍സവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ് മുത്തശ്ശിയുടെ വീടായ പടിപ്പുരക്കുഴിയിലെ വീട്ടിലെത്തി തിരികെ പോരുമ്പോഴാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി അക്ഷയ് യെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ സമീപവാസികളും വീട്ടുകാരും ചേര്‍ന്ന് അക്ഷയെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഉമയാറ്റുകരയില്‍ നടത്തിയ വഞ്ചിപ്പാട്ട് മത്സരത്തില്‍ അക്ഷയ് ഒന്നാം സമ്മാനം നേടിയിരുന്നു. അതൊടൊപ്പം ചെണ്ടവാദനം അഭ്യസിക്കുകയും ചെയ്തു വരികയായിരുന്നു. അടുത്ത രണ്ട് ദിവസത്തിനകം അഴകിയകാവ് ദേവീക്ഷേത്രത്തില്‍ ചെണ്ടയില്‍ തന്റെ അരങ്ങേറ്റം നടത്താനിരിക്കവെയാണ് നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായത്.
കല്ലിശ്ശേരി എസ്എപിജി (പാറേല്‍ സ്കൂള്‍) സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്ന അക്ഷയ് പാണ്ടനാട് സ്വാമി വിവേകാനന്ദ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നതിനായി പ്രവേശനം നേടി കാത്തിരിക്കുകയായിരുന്നു.
അക്ഷിത് സഹോദരനാണ്. മാതാവ് രഞ്ചു.






