കൊച്ചി- കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം നടത്തുകയും ചെയ്ത യുവാവിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിയുടെ ധൈര്യം മാതൃകയാണെന്ന് ബസിലുണ്ടായിരുന്ന കണ്ടക്ടര്‍ കെ.കെ.പ്രദീപ്. താന്‍ ചെയ്തത് തന്നില്‍ അര്‍പ്പിതമായ കടമ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിക്ക് നേരെ യുവാവ് നഗ്‌നതാ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതിക്രമത്തിനെതിരെ പ്രതികരിക്കാന്‍ മറ്റ് യാത്രക്കാര്‍ തയ്യാറായില്ലെന്ന് കണ്ടക്ടര്‍ കെ.കെ. പ്രദീപ്. ബുധനാഴ്ച രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അങ്കമാലിയില്‍ വെച്ചായിരുന്നു സംഭവം.
ബസില്‍ അറുപതോളം ആളുകളുണ്ടായിരുന്നു.എന്നാല്‍ ആ സമയത്ത് െ്രെഡവറുടെയോ തന്റെയോ കൂടെ ഓടി വരാന്‍ ആരും തയ്യാറായില്ലെന്ന് പ്രദീപ് പറഞ്ഞു. വിഷയം കേസാകുന്ന സാഹചര്യമുണ്ടായാലുണ്ടാകുന്ന ബുദ്ധിമുട്ടുകളായിരിക്കും യാത്രക്കാരെ പിന്തിരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ ബഹളം കേട്ടാണ് അവരുടെ അടുത്തേക്ക് പോകുന്നത്. എന്നാല്‍ ആരോപണവിധേയനായ യുവാവ് സംഭവം നിഷേധിക്കുകയായിരുന്നു. പോലീസിനെ വിവരം അറിയിക്കുന്നതിനായി ബസില്‍നിന്ന് ഇറങ്ങിയ സമയത്ത് തന്നെ തട്ടിമാറ്റി പ്രതി ഇറങ്ങിയോടിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പിന്നീട് എയര്‍പോര്‍ട്ട് സിഗ്‌നലില്‍ വച്ച് താനും െ്രെഡവറും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ബസില്‍ കയറിയ ഉടന്‍ യുവാവ് രണ്ട് സ്ത്രീകളുടെ ഇടയില്‍ ഇരിക്കുന്നത് കണ്ടതില്‍ അസ്വഭാവികത തോന്നിയെങ്കിലും അവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ ഇടപെട്ടിരുന്നില്ലെന്ന് പ്രദീപ് പറഞ്ഞു.