Sorry, you need to enable JavaScript to visit this website.

അമ്മയിലെ വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു; ഇടതുപ്രതിനിധികളെ ഒറ്റത്തിരിഞ്ഞ് അക്രമിക്കുന്നു-സി.പി.എം

തിരുവനന്തപുരം- സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങളിൽ നിലപാട് വ്യക്തമാക്കി സി.പി.എം. അമ്മയെ ഭിന്നിപ്പിക്കാനും ദുർബലമാക്കാനും ചില തത്പ്പരകക്ഷികൾ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണെന്നും സി.പി.എം അഭിപ്രായപ്പെട്ടു. അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

പ്രസ്താവനയുടെ പൂർണരൂപം
കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയർന്നുവന്ന വിവാദങ്ങളും, അതിലേക്ക് നയിച്ച സംഭവങ്ങളും ദൗർഭാഗ്യകരമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീനടന്മാർ അണിനിരന്ന ഒരു സംഘടനയായ ഭഅമ്മ' സ്ത്രീവിരുദ്ധ പക്ഷത്ത് നിൽക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാൻ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
ഒരു നടിക്ക് നേരെ നടന്ന അക്രമസംഭവത്തിൽ പോലീസ് ചാർജ്ജ് ചെയ്ത ക്രിമിനൽ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ, നേരത്തെ ഭഅമ്മ'യിൽ നിന്ന് പുറത്താക്കിയിരുന്നു. ദിലീപ് പ്രതിയായ കേസ് നിലനിൽക്കെ അന്നത്തെ സാഹചര്യത്തിൽ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികൾ അമ്മയിൽ നിന്ന് രാജിവെയ്ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമർശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്. സ്ത്രീസുരക്ഷയിൽ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാർത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാർത്ഥ്യം അമ്മ' ഭാരവാഹികൾ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമർശനം ഉൾക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഈ സാമൂഹ്യബോധം അമ്മ ഉൾക്കൊള്ളാൻ തയ്യാറാകുമെന്ന് കരുതുന്നു. 
ഈ വിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ അമ്മയെ ഭിന്നിപ്പിക്കാനും ദുർബലമാക്കാനും ചില തത്പ്പരകക്ഷികൾ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്.

ഏത് മേഖലയിലായാലും സ്ത്രീകൾക്ക് മാന്യമായ സ്ഥാനവും, അർഹമായ പങ്കും ലഭിക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്. നടിക്കെതിരായി നടന്ന അക്രമസംഭവത്തിൽ, ഈ നിലപാട് ഉയർത്തിപ്പിടിച്ച്, നിഷ്പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും, എൽ.ഡി.എഫ് സർക്കാരും കൈക്കൊണ്ടത്. ഈ കാര്യങ്ങൾ കേരള ജനതയ്ക്ക് നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്ക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങൾ ഫലവത്താകാൻ പോകുന്നില്ല. കേരളത്തിലെ ജനങ്ങൾ താത്പര്യപൂർവ്വം അംഗീകരിക്കുന്ന സിനിമ' എന്ന കലയെ വിവാദങ്ങൾക്കതീതമായി വളർത്താനും, സംരക്ഷിക്കാനും ഭഅമ്മ' എന്ന സംഘടന പരിശ്രമിക്കുമെന്ന് ഞങ്ങൾ കരുതുന്നു.

Latest News