Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പ് സ്‌കാം: അന്താരാഷ്ട്ര തട്ടിപ്പ് കോളുകളിൽ കുടുങ്ങരുത്

അന്താരാഷ്ട്ര നമ്പറുകളിൽനിന്ന് ലഭിക്കുന്ന വ്യാജ കോളുകൾ വാട്‌സ്ആപ്പിൽ തുടർക്കഥയായി മാറിയിരിക്കയാണ്. ദിവസങ്ങളായി ഇത്തരം വാട്‌സ്ആപ്പ് വ്യാജ കോളുകളെ കുറിച്ചാണ് വാർത്തകൾ. 
ആളുകളെ കബളിപ്പിക്കാനും സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കാനും ധാരാളം തട്ടിപ്പുകാർ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമിനെ ഉപയോഗിക്കുന്നു. വാട്‌സ്ആപ്പ് തട്ടിപ്പുകളെക്കുറിച്ച് നേരത്തെയും ധാരാളം റിപ്പോർട്ടുകൾ വന്നിരുന്നു. തട്ടിപ്പുകൾ തടയാൻ നടപടികൾ സ്വീകരിച്ചതായി കമ്പനി അറിയിക്കുകയും ചെയ്തു.  
ഉപയോക്തക്കാൾ സംശയാസ്പദമായി റിപ്പോർട്ട് ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുകയാണ് കമ്പനി പ്രധാനമായും ചെയ്തിരുന്നത്. ഉപയോക്താക്കൾ നൽകുന്ന പരാതികൾ കൃത്യമാണെന്ന് കമ്പനി കണ്ടെത്തിയാൽ മാത്രമാണ് അക്കൗണ്ടുകൾ തടഞ്ഞിരുന്നത്. 
+84, +62, +60 എന്നിങ്ങനെ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറുകളിൽനിന്നാണ് ഇപ്പോൾ കൂടുതലായും അജ്ഞാത കോളുകൾ ലഭിക്കുന്നത്. ഇങ്ങനെ വ്യാജ കോളുകൾ ലഭിക്കുന്നവരിൽ പലരും നമ്പറുകൾ ട്വിറ്ററിലാണ് വെളിപ്പെടുത്തുന്നത്.  മലേഷ്യ, കെനിയ, വിയറ്റ്‌നാം, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം നമ്പറുകളിൽ നിന്ന് പ്രവാസികൾക്കും ധാരാളം വ്യാജ കോളുകൾ ലഭിക്കുന്നുണ്ട്. ഐ.എസ്.ഡി കോഡുകളാണ് ഏതൊക്കെ രാജ്യങ്ങളിൽനിന്നാണെന്ന് കണ്ടെത്താൻ സഹായിക്കുന്നത്. 
ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടും നാലും വ്യാജ കോളുകളാണ് ആളുകൾക്ക് ലഭിക്കുന്നത്. പുതിയ സിം വാങ്ങുന്നവർക്ക് അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് കൂടുതൽ കോളുകൾ ലഭിക്കുന്നതായും ഉപയോക്താക്കൾ പറയുന്നു. മിക്ക കോളുകളും പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. 
വാട്‌സ്ആപ്പിൽ ലഭിക്കുന്ന ഇത്തരം കോളുകൾ എടുക്കാതിരിക്കുന്നതാണ് ബുദ്ധി. നിങ്ങൾ കോൾ അറ്റൻഡ് ചെയ്താലും ഫോൺ ചെയ്തയാൾ വിൽക്കാൻ ശ്രമിക്കുന്ന സാധനങ്ങൾ വാങ്ങാൻ തയാറാകരുത്. സാധനങ്ങൾ വിൽക്കുന്നതിനും സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും പുറമെ, മസേജിംഗ് പ്ലാറ്റ്‌ഫോമിൽ പാർട്ട് ടൈം ജോലി തട്ടിപ്പും നടക്കുന്നുണ്ട്. അധികപേരും പാർട് ടൈം ജോലി തട്ടിപ്പിലാണ് കുടുങ്ങുന്നത്. 
ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിൽ ലഭിക്കുന്ന വ്യാജ കോളുകൾ റിപ്പോർട്ട് ചെയ്ത് തടയാൻ സാധിക്കും. ഏതെങ്കിലും ചാറ്റ് തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ട് ഓപ്ഷൻ ഐക്കണിൽ ടാപ്പ് ചെയ്താൽ ബ്ലോക്ക് ഓപ്ഷനിലെത്താം. ഉപയോക്താക്കൾക്ക് ബ്ലോക്ക് ചെയ്യുന്നതിനുപുറമെ റിപ്പോർട്ടുചെയ്യാനും സാധിക്കും. മെനുവിൽ രണ്ട് ഒപ്ഷനും ലഭ്യമാണ്.
അജ്ഞാതനിൽനിന്ന് ലഭിക്കുന്ന സന്ദേശങ്ങളിലോ ലിങ്കുകളിലോ നിങ്ങൾ ക്ലിക്ക് ചെയ്യാതരിക്കുകയാണ് ഏറ്റവും പ്രധാനം. കാരണം ഇവയിലാണ് നിങ്ങളുടെ ഡേറ്റകളും പണവും കവരാനുള്ള ക്ഷുദ്രവെയർ അടങ്ങിയിരിക്കുന്നത്.

Latest News