Sorry, you need to enable JavaScript to visit this website.

കൃത്രിമ ബുദ്ധി നിയന്ത്രിക്കാൻ ചട്ടങ്ങൾ അനിവാര്യം

കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജി.പി.ടി മോഡലുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ സമ്മതിച്ച് ഓപൺ എ.ഐ മേധാവി സാം ആൾട്ട്മാൻ.

കവിത എഴുതുന്ന ചാറ്റ്‌ബോട്ട് ലോകത്തെ അമ്പരപ്പിച്ചതിനു പിന്നാലെ കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് സമ്മതിച്ച് ഓപൺ എ.ഐയുടെ ചീഫ് എക്‌സിക്യൂട്ടീവ് സാം ആൾട്ട്മാൻ. യു.എസ് ജനപ്രതിനിധികൾ മുമ്പാകെയാണ് നിർമിത ബുദ്ധി നിയന്ത്രിച്ചില്ലെങ്കിൽ അപകടമാണെന്ന് ആൾട്ട്മാൻ വ്യക്തമാക്കിയത്. 
കൃത്രിമ ബുദ്ധിയുടെ വികാസത്തിലും അത് ഉയർത്തുന്ന പ്രശ്‌നങ്ങളിലും തങ്ങളുടെ ഉൽകണ്ഠയും ഭീതിയും യു.എസ് നിയമനിർമാതാക്കൾ പങ്കുവെച്ചു. കാപ്പിറ്റോൾ ഹില്ലിൽ പ്രമുഖ സെനറ്റർ തന്റെ കംപ്യൂട്ടർ നിർമതി ശബ്ദം അവതരിപ്പിച്ചുകൊണ്ടാണ് ഹിയറിംഗ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ ശബ്ദത്തിന് സമാനമായ ശബ്ദത്തിലാണ് ഒരു ചാറ്റ്‌ബോട്ട് തയാറാക്കിയ വാചകം വായിച്ചത്. 
നിങ്ങൾ വീട്ടിൽനിന്നാണ് ഇത് കേൾക്കുന്നതെങ്കിൽ ശബ്ദം എന്റേതാണെന്നും എന്റെ വാക്കുകളാണെന്നും കരുതിയിരിക്കാം. പക്ഷേ, വാസ്തവത്തിൽ ഈ ശബ്ദം എന്റേതല്ല -സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റൽ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഇനി വെറും ഗവേഷണ പരീക്ഷണങ്ങളോ ശാസ്ത്ര കഥകളിലെ ഭാവനകളോ അല്ലെന്നും അവ യഥാർഥവും നിലവിലുള്ളതുമാണെന്നും ഡെമോക്രാറ്റായ ബ്ലൂമെന്റൽ പറഞ്ഞു.
നേരത്തെ വൻകിട ടെക് കമ്പനികളുടെ മേധാവികൾ വൈറ്റ് ഹൗസിൽ നൽകിയ വിശദീകരണത്തേക്കാളും കുറേ കൃത്യമായാണ് നിർമിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് യു.എസ് സെനറ്റിന്റെ ജുഡീഷ്യറി സബ്കമ്മിറ്റിക്ക് മുന്നിൽ ആൾട്ട്മാൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതികവിദ്യ തെറ്റായി പോകുകയാണെങ്കിൽ, അത് വളരെയേറെ തെറ്റായി പോകാമെന്ന് ആൾട്ട്മാൻ പറഞ്ഞു.
നിയമനിർമാതാക്കളെ ബോധവൽക്കരിക്കാനുള്ള അവസരമായാണ് ആൾട്ട്മാൻ സെനറ്റ് സബ് കമ്മിറ്റിക്കുമുമ്പിൽ ലഭിച്ച അവസരം ഉപയോഗിച്ചത്. രാഷ്ട്രീയ ഭിന്നതകൾ കണക്കിലെടുക്കാതെ വൻകിട സാങ്കേതിക കമ്പനികൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്റർനെറ്റ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമാണം വർഷങ്ങളായി തടയപ്പെട്ട പശ്ചാത്തലത്തിൽ ഈ അഭിപ്രായം ഏറെ പ്രസക്തമാണ്. രാഷ്ട്രീയ ഭിന്നതകളാണ് സാങ്കേതിക വിദ്യകൾ നിയന്ത്രിക്കുന്ന കാര്യത്തിൽ ഏറ്റവും വലിയ തടസ്സമായി തുടരുന്നത്. 
എന്നാൽ, മനുഷ്യന് സാധിക്കുന്നതു പോലെ വിവിധ ഉള്ളടക്കം തൽക്ഷണം നിർമിക്കാൻ കഴിയുന്ന ചാറ്റ്ജി.പി.ടി എന്ന ബോട്ട് പുറത്തിറങ്ങിയതിന് ശേഷം സത്വര നടപടികൾ സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ സമ്മർദത്തിലാണ്.
മൈക്രോസോഫ്റ്റും മറ്റ് കമ്പനികളും ഉൾപ്പെടെയുള്ള ഓപ്പൺ എ.ഐ വികസിപ്പിച്ച സാങ്കേതികവിദ്യ ഏറ്റെടുക്കകയും നിർമിത ബുദ്ധിയുടെ ഉപയോഗം സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ ആൾട്ട്മാൻ കൃത്രിമ ബുദ്ധിയുടെ ആഗോള മുഖമായി മാറിയിരിക്കയാണ്. 
കൃത്രിമ ബുദ്ധിക്ക് നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഓപൺ എ.ഐ സ്ഥാപിച്ചതെങ്കിലും അത് ഗുരുതരമായ അപകട സാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെന്നും ആൾട്ട്മാൻ പറഞ്ഞു.
അതേസമയം, കാലക്രമേണ ഓപൺ എ.ഐ വികസിപ്പിച്ച ജനറേറ്റീവ് എ.ഐ കാലാവസ്ഥാ വ്യതിയാനം, ക്യാൻസർ ഭേദമാക്കൽ തുടങ്ങിയ മനുഷ്യരാശിയുടെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ വിവരങ്ങൾ, തൊഴിൽ സുരക്ഷ, മറ്റ് അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുക്കുമ്പോൾ ഇനിയും കൂടുതൽ ശക്തമായ എ.ഐ മോഡലുകൾ വരുന്നതിനുമുമ്പ് അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് സർക്കാരുകളുടെ നിയന്ത്രണ ഇടപെടൽ നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ എ.ഐ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്ന കമ്പനികൾക്ക് നിയമങ്ങൾ ലംഘിച്ചാൽ പെർമിറ്റുകൾ അസാധുവാക്കുമെന്ന മുന്നറിയിപ്പ് നൽകണം. ഇതിനായി മുമ്പ് യു.എസ് ഗവൺമെന്റ് ലൈസൻസിംഗും ടെസ്റ്റിംഗ് ആവശ്യകതകളും സംയോജിപ്പിക്കണമെന്ന്  ആൾട്ട്മാൻ നിർദേശിച്ചു.
സാങ്കേതികവിദ്യയ്ക്ക് മേൽ നിയമങ്ങൾ സ്ഥാപിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൈകാര്യം ചെയ്യുന്നതിനാമായി പ്രത്യേക യു.എസ് ഏജൻസി ആരംഭിക്കണമെന്നും ലേബലിംഗും ആഗോള ഏകോപനവും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്തു.
അമേരിക്കയിൽ നിയന്ത്രണ നടപടികൾ തുടങ്ങുന്നതോടൊപ്പം ഫലപ്രദമാകാൻ ആഗോളതലത്തിലും സംവിധാനം ആവശ്യമാണ്. അടുത്ത മാസം യൂറോപ്യൻ പാർലമെന്റിൽ വോട്ടിനിടുമെന്ന് കരുതുന്ന എ.ഐ നിയമത്തിലൂടെ യൂറോപ്പ് ഇതിനകം തന്നെ ഗണ്യമായി മുന്നേറിയിട്ടുണ്ടെന്ന് സെനറ്റർ ബ്ലൂമെന്റൽ പറഞ്ഞു. ബയോമെട്രിക് നിരീക്ഷണം, വികാരം തിരിച്ചറിയൽ, എ.ഐ പോലീസിംഗ് സംവിധാനങ്ങൾ എന്നിവയിൽ നിരോധനം കൊണ്ടുവരുന്നതാണ് യൂറോപ്പിൽ വരാനിരിക്കുന്ന നിയമം.
ചാറ്റ്ജിപിടി, ഡാൽഇ എന്നിവ പോലുള്ള ജനറേറ്റീവ് എ.ഐ സിസ്റ്റങ്ങളെയും പ്രത്യേക സുതാര്യത ആവശ്യമുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് യു.എസ് നിയമനിർമാതാക്കൾ ആവശ്യപ്പെടുന്നത്. 
വാൻ ഗോഗിനു സമാനമായ ചിത്രീകരണങ്ങളും ഗ്രാഫിക്‌സും സൃഷ്ടിക്കാനാകുമെന്നത് ഓപൺ എ.ഐയുടെ ഡാൽ ഇ ഓൺലൈനിൽ വിവാദം സൃഷ്ടിച്ചിരുന്നു. ചെറിയ ഒരു അഭ്യർഥനയിലൂടെയാണ് ചിത്രങ്ങളും ഗ്രാഫിക്‌സും സാധ്യമാക്കിയത്. ഇനിയും കൂടുതൽ വരാനിരിക്കുന്നുവെന്നാണ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി എമെരിറ്റസ് പ്രൊഫസർ ഗാരി മാർക്കസ് പറയുന്നത്. സ്വയം മെച്ചപ്പെടുത്താൻ കഴിയുന്ന യന്ത്രങ്ങൾ നമ്മുടെ പക്കലില്ല. സ്വയം അവബോധമുള്ള യന്ത്രങ്ങളുമില്ല. അതുകൊണ്ടുതന്നെ ഉപയോഗം പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിയമങ്ങൾ സ്ഥാപിക്കുന്നതിൽ കൂടുതൽ അയഞ്ഞ നിലപാട് സ്വീകരിക്കരുതെന്ന് ഐബിഎമ്മിലെ ചീഫ് പ്രൈവസി ആന്റ് ട്രസ്റ്റ് ഓഫീസറായ ക്രിസ്റ്റീന മോണ്ട്‌ഗോമറി യു.എസ് നിയമനിർമാതാക്കളോട് അഭ്യർഥിച്ചു.
മികച്ച റെസ്‌റ്റോറന്റിനെ കുറിച്ചുള്ള ശുപാർശകൾ നൽകാനോ ഇ മെയിൽ ഡ്രാഫ്റ്റ് ചെയ്യാനോ കഴിയുന്നതു പോലെയല്ല, ക്രെഡിറ്റ്, പാർപ്പിടം, തൊഴിൽ തുടങ്ങിയ തീരുമാനങ്ങളെ പിന്തുണക്കുന്ന ചാറ്റ്‌ബോട്ടും നിർമിത ബുദ്ധിയും സമൂഹത്തിൽ ചെലുത്തുകയെന്ന് അവർ ചൂണ്ടിക്കാട്ടി.

Latest News