ബംഗളൂരു-കർണാടകയിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുന്നതോടെ അദ്ദേഹത്തെയും കർണാടകയയും കാത്തിരിക്കുന്നത് ചരിത്രം. ഡി ദേവരാജ് അരസിന് (1972-1980) ശേഷം ഒരു മുഴുവൻ കാലാവധി പൂർത്തിയാക്കി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് 75 കാരനായ സിദ്ധരാമയ്യ. ദേവരാജ് അരസിന്റെ രണ്ടാം ടേം രണ്ട് വർഷത്തിൽ താഴെ മാത്രമാണ് നീണ്ടുനിന്നത്. അദ്ദേഹത്തിന്റെ ആദ്യ ടേമിൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ സമയവും ഉൾപ്പെടുന്നു.
ഒരു ടേം പൂർത്തിയാക്കുകയും ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും തുടർന്ന് മുഖ്യമന്ത്രിയായി തിരിച്ചെത്തുകയും ചെയ്യുന്ന ആദ്യ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. നിലവിലെ മുഖ്യമന്ത്രിയായി രണ്ടാം തവണയും അരസ് വിജയിച്ചിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയ അവസാനത്തെ മുഖ്യമന്ത്രിയാണ് രാമകൃഷ്ണ ഹെഗ്ഡെ, എന്നാൽ തന്റെ ആദ്യ ടേമിന് ശേഷം (1983-85) ഇടക്കാല തിരഞ്ഞെടുപ്പിന് അദ്ദേഹം ആഹ്വാനം ചെയ്തു. 1985ൽ വിജയിച്ച അദ്ദേഹം 1988 വരെ മുഖ്യമന്ത്രിയായിരുന്നു. ഈ കാലാവധി പൂർത്തിയാക്കിയാൽ കർണാടകത്തിൽ രണ്ട് തവണ പൂർണമായി പൂർത്തിയാക്കുന്ന ഏക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചരിത്രത്തിൽ ഇടംപിടിക്കും. നാല് തവണ മുഖ്യമന്ത്രിയായ ബി.എസ് യെദ്യൂരപ്പ ഒരു ടേം പോലും പൂർത്തിയാക്കിയിട്ടില്ല. 2006-ലാണ് ജനതാദൾ സെക്കുലറിൽനിന്ന് സിദ്ധരാമയ്യ കോൺഗ്രസിലക്ക് എത്തിയത്.