മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണെയെ ഇന്ത്യക്ക് കൈമാറാന്‍ യു. എസ് കോടതി ഉത്തരവിട്ടു

വാഷിങ്ടണ്‍- 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരയുന്ന പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഇന്ത്യന്‍ അഭ്യര്‍ഥന യു. എസ് കോടതി അംഗീകരിച്ചു. 62കാരനായ റാണയെ താത്ക്കാലികമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യു. എസ് സര്‍ക്കാരിന് 2020 ജൂണ്‍ 10ന് പരാതി നല്‍കിയിരുന്നു. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ അറസ്റ്റ് ചെയ്തത്.  

റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ ബൈഡന്‍ ഭരണകൂടം പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. കാലിഫോര്‍ണിയ കോടതി ജഡ്ജി ജാക്വിലിന്‍ ചൂലിജിയാന്‍ ആണ് റാണയെ കൈമാറാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് യു. എസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 മാസം തടവു ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായിരുന്നു. റാണയ്ക്കെതിരെ ഇന്ത്യയില്‍ എന്‍. ഐ. എ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്.

സുഹൃത്തായ യു. എസ് പൗരന്‍ ഡേവിഡ് ഹെഡ്ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്‌കറെ ത്വയ്യിബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. റാണയെ വിട്ടുകിട്ടിയാല്‍ മുംബൈ ഭീകരാക്രമണ കേസില്‍ പാക്ക് ചാരസംഘടനയായ ഐ. എസ്. ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇതേ കേസില്‍ പിടിയിലായ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു.

Latest News