- ചൈനീസ് വൻമതിൽ, ഇന്ത്യയിലെ താജ്മഹൽ, ജോർദാനിലെ പെട്ര ഉൾപ്പെടെ നാല് ഭൂഖണ്ഡങ്ങളിലൂടെ വെറും ആറു ദിവസവും 16 മണിക്കൂറും 14 മിനിറ്റും സമയം എടുത്താണ് യുവാവ് ഏഴ് ലോകാത്ഭുതങ്ങൾ കണ്ടത്
പൊതുഗതാഗതം ഉപയോഗിച്ച് ഏഴ് ദിവസങ്ങൾ കൊണ്ട് ഏഴ് ലോകാത്ഭുതങ്ങൾ സന്ദർശിച്ച് ഗിന്നസ് റെക്കോർഡിലേക്ക് നടക്കുകയാണ് ഈ യുവാവ്. 'അഡ്വഞ്ചർമാൻ' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സാഹസികനായ ജാമി മക്‌ഡൊണാൾഡ് ആണ് വെറും ആറു ദിവസവും 16 മണിക്കൂറും 14 മിനിറ്റും സമയത്തിൽ ഏഴ് ലോകാത്ഭുതങ്ങൾ സന്ദർശിച്ച് ചരിത്രത്തിൽ ഇടം പിടിച്ചത്.
ചൈനയിലെ വൻമതിൽ, ഇന്ത്യയിലെ താജ്മഹൽ, ജോർദാനിലെ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ, മച്ചു പിച്ചു പെറു, മെക്‌സിക്കോയിലെ ചിചെനിറ്റ്‌സ ഇറ്റ്‌സ എന്നിവയാണ് ജാമി എന്ന യുവ സാഹസികൻ സന്ദർശിച്ചത്.
യാത്രയ്ക്കിടെ, ജാമി മക്‌ഡൊണാൾഡ് നാല് ഭൂഖണ്ഡങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഒമ്പത് രാജ്യങ്ങളിൽ ഇറങ്ങി, 13 വിമാനങ്ങളിൽ പറന്നു, 16 ടാക്‌സികളിലും ഒമ്പത് ബസുകളിലും നാല് ട്രെയിനുകളിലും ഒരു ടോബോഗനിലുമായി ഏകദേശം 22,856 മൈലുകൾ സഞ്ചരിച്ചു. യാത്രയുടെ ദൃശ്യങ്ങൾ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചൈനീസ് വൻമതിൽ സന്ദർശിച്ചായിരുന്നു യാത്രയുടെ തുടക്കം. ശേഷം താജ്മഹലിലേക്കും ജോർദാനിലേക്കും പോയി. പിന്നീട് പുരാതന നഗരമായ പെട്രയിലേക്ക്. തുടർന്ന് പ്രശസ്തമായ കൊളോസിയം കാണാൻ റോമിലേക്ക് പറന്നു. അവസാനം ബ്രസീലിലെ റിയോ ഡി ജനീറോയിലെ ആർട്ട് ഡെക്കോ പ്രതിമയായ ക്രൈസ്റ്റ് ദി റിഡീമർ കണ്ട് ലക്ഷ്യം പൂർത്തീകരിച്ചു.
യാത്രയ്ക്കിടെ ഒരു വിമാനം മിസ്സായതും ട്രെയിൻ വൈകിയതും ആശങ്ക ഉയർത്തിയെങ്കിലും ട്രാവൽ ഏജന്റിന്റെ സഹായത്തോടെ അതും പരിഹരിച്ചു.
'താജ്മഹൽ കണ്ടപ്പോൾ കരഞ്ഞുവെന്നും ഇതുവരെ ഒരു കെട്ടിടത്തിലും താൻ കരഞ്ഞിട്ടില്ലെന്നും അതി മനോഹരമായിരുന്നു കാഴ്ചയെന്നും സാഹസികൻ പറഞ്ഞു. താജ്മഹലിൽ 15 മിനുട്ട് ചെലവഴിക്കാനേ സാധിച്ചുള്ളൂവെന്നും ജെമി വെളിപ്പെടുത്തി.