കേരള സ്‌റ്റോറി നിരോധിച്ചതിനെതിരെ ബംഗാളിലെ മുസ്ലിം വനിതാ സംഘടന സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- വിദ്വേഷം വിളുമ്പുന്ന ദി കേരള സ്‌റ്റോറി സിനിമ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിതാ കൂട്ടായ്മയുടെ പേരില്‍ സുപ്രീംകോടതിയില്‍ ഹരജി. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലിം വിമെന്‍സ് റെസിസ്റ്റന്‍സ് കമ്മിറ്റി ആണ് ഹരജി ഫയല്‍ ചെയ്തത്.
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ച നടപടി മുന്‍ വിധിയോടെയാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍  നിരോധിച്ചതിനാല്‍ ചിത്രത്തെ വിലയിരുത്താനാകുന്നില്ലെന്നും ഹരജിയില്‍ പറഞ്ഞു.  
ചിത്രം പ്രദര്‍ശിപ്പിക്കാത്തതിനാല്‍ മതത്തിനെതിരായ ചിത്രമാണെന്ന വിമര്‍ശനം ഉള്‍പ്പെടെ വിലയിരുത്താനുള്ള അവകാശം ഇല്ലാതായെന്നും മുസ്ലിം വിമെന്‍സ് റെസിസ്റ്റന്‍സ് കമ്മിറ്റി ഹരജിയില്‍ വാദിക്കുന്നു. സിനിമ കണ്ട ശേഷം അതിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സിനിക്ക് നിരോധം ഏര്‍പ്പെടുത്തിയതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

 

Latest News