Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ഒരു വിഭാഗം ലീഗുകാര്‍ക്ക് വെപ്രാളമെന്ന് സി.പി.എം

മലപ്പുറം-മന്ത്രി വി. അബ്ദുറഹ്മാനെതിരായ മുസ്ലിംലീഗിലെ ഒരുവിഭാഗത്തിന്റെ വസ്തുതാവിരുദ്ധ പ്രചാരണങ്ങളെ
സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അപലപിച്ചു. അദ്ദേഹത്തെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. അധികാരം നഷ്ടപ്പെട്ടതിനാല്‍ ലീഗിലെ ഒരുവിഭാഗത്തിന് സമചിത്തത നഷ്ടപ്പെട്ടിരിക്കയാണ്.  
ആറ് പതിറ്റാണ്ട് മുസ്ലിംലീഗ് നിയന്ത്രണത്തിലായിരുന്ന താനൂര്‍ മണ്ഡലം വികസനം ചെന്നെത്താത്ത ഇടമായിരുന്നു. ഒന്നും ചെയ്തില്ലെങ്കിലും ജനം ജയിപ്പിച്ചോളും എന്നായിരുന്നു ലീഗ് ചിന്ത. സഹികെട്ട ജനതയുടെ തിരിച്ചടിയാണ് 2016ലെ എല്‍ഡിഎഫ് വിജയം. 2021ല്‍ മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ പി.കെ ഫിറോസിനെയും ജനങ്ങള്‍ അടുപ്പിച്ചില്ല. താനൂര്‍ ജനത അബ്ദുറഹ്മാനിലും എല്‍.ഡി.എഫിലും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുവെന്ന് മാത്രമല്ല, ആറു പതിറ്റാണ്ട് നഷ്ടപ്പെടുത്തിയ വികസനം ഏഴുവര്‍ഷം കൊണ്ട് ജനങ്ങള്‍ കണ്ടറിയുകയാണ്.  കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ വെപ്രാളമാണ് ഒരുവിഭാഗം ലീഗുകാര്‍ക്ക്. അതിന്, നാടിന്റെ തിരിച്ചുപിടിച്ച സമാധാനം ഇല്ലാതാക്കിയാണേലും എന്തും ചെയ്യും എന്ന നിലവരുന്നത് അപകടകരമാണ്.  
താനൂര്‍ പൂരപ്പുഴ ബോട്ടപകടത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്  ഉത്തരവാദിത്തമില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. മുസ്ലിംലീഗ് നേതൃത്വം നല്‍കുന്ന താനൂര്‍ നഗരസഭ, അവരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നെങ്കില്‍ നിരവധി കുടുംബങ്ങളെ തന്നെ ഇല്ലാതാക്കിയ അപകടം ഒഴിവാക്കാമായിരുന്നു. അവിടുത്തെ സുരക്ഷാവീഴ്ചകളെക്കുറിച്ച് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ തന്നെ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല എന്നത് ഗൗരവതരമാണ്. ബോട്ട് സര്‍വീസിന് ലൈസന്‍സ് നല്‍കേണ്ട ചുമതല  നഗരസഭയ്ക്കാണ്. എന്നാല്‍, അനധികൃത സര്‍വീസുകള്‍ കണ്ടിട്ടും നഗരസഭ തടഞ്ഞില്ല. ഇതെല്ലാം  തിരിച്ചടിയാകുമെന്നുവന്നപ്പോഴാണ് മന്ത്രിക്കെതിരായ ആരോപണം.  
അപകടമുണ്ടായയുടന്‍ കേരളം ഇതുവരെ കാണാത്തനിലയിലുള്ള അടിയന്തര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അബ്ദുറഹ്മാന്‍ ഉള്‍പ്പെടെ നാലു മന്ത്രിമാര്‍ രാത്രിതന്നെ എത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉന്നതതല യോഗം വിളിച്ച് നടപടികള്‍ക്ക് വേഗംകൂട്ടി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുള്‍പ്പെടെ 13 മന്ത്രിമാര്‍ എത്തി. സര്‍വകക്ഷിയോഗത്തില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ചു. ആ യോഗത്തിന്റെ തീരുമാനപ്രകാരം ജുഡീഷ്യല്‍ കമീഷനെ നിയമിച്ചു. മുഴുവന്‍ പ്രതികളെയും പ്രത്യേക അന്വേഷകസംഘം അറസ്റ്റു ചെയ്തു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപവീതം ധനസഹായം അനുവദിച്ച് ഉത്തരവുമിറങ്ങി. അതേസമയം, പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടേതിന് വിരുദ്ധനിലപാടാണ് ലീഗിലെ ഒരുവിഭാഗത്തിന്. ഇത് രാഷ്ട്രീയ മോഹഭംഗത്തിന്റെ ഭാഗമാണ് എന്ന് സമൂഹം തിരിച്ചറിയും. തീരദേശത്ത് സംഘര്‍ഷമുണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമുള്ള നീക്കത്തെ ജനങ്ങള്‍ കരുതലോടെ കാണണം. ഒരുവിധ പ്രകോപനത്തിലും പെടാതിരിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

Latest News