Sorry, you need to enable JavaScript to visit this website.

തലുറകള്‍ക്ക് പ്രചോദനം, ചരിത്ര ദൗത്യത്തിന് തയാറെടുത്ത് രണ്ട് സൗദികള്‍

റിയാദ്- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കായി സൗദി ബഹിരാകാശ യാത്രികരായ  റയാന ബര്‍ണാവിയും അലി അല്‍ഖര്‍നിയും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. 21 നാണ് രാജ്യത്ത് പുതുചരിത്രം രചിച്ചുകൊണ്ട് ഇവരുടെ യാത്ര. പ്രിയപ്പെട്ട മാതൃരാജ്യത്തിനും മനുഷ്യരാശിക്കും വേണ്ടിയുള്ള ചരിത്ര നേട്ടങ്ങള്‍ കൈവരിക്കണമെന്ന ആഗ്രഹത്തെടെയാണ്  ബഹിരാകാശത്തേക്ക് പോകുന്നതെന്നും ആവേശഭരിതരാണെന്നും ആക്‌സിയം സ്‌പേസ് നടത്തിയ പത്രസമ്മേളനത്തില്‍ റയാ ബര്‍ണാവിയും അല്‍ ഖര്‍നിയും വ്യക്തമാക്കി.
സൗദി യുവാക്കളുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച നേതൃത്വത്തിനാണ് എല്ലാ നന്ദിയും. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ സൗദി, അറബ് മുസ്ലിം വനിത എന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് റയാന പറഞ്ഞു.
10 വര്‍ഷമായി ശാസ്ത്ര, മെഡിക്കല്‍ ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.  ബഹിരാകാശത്തേക്ക് പോകുന്നുവെന്ന് മുത്തശ്ശി അറിഞ്ഞപ്പോള്‍ 60 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് കമ്മലുകളാണ് സമ്മാനിച്ചത്- അവര്‍ പറഞ്ഞു.
സൗദികള്‍ എന്ന നിലയില്‍ ശാസ്ത്ര പുരോഗതിയുടെ എല്ലാ മേഖലകളിലും മാന്യമായ സാന്നിധ്യം ഉറപ്പിച്ചിരിക്കയാണെന്ന് അലി അല്‍ഖര്‍നി പറഞ്ഞു. വ്യോമസേനയില്‍ പൈലറ്റായി ജോലി ചെയ്ത അനുഭവ സമ്പത്തുമായി  ബഹിരാകാശത്ത് പരീക്ഷണങ്ങള്‍ നടത്താന്‍ കാത്തിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്രയ്ക്ക് തയ്യാറെടുക്കാന്‍ തീവ്രമായ പ്രത്യേക പരിശീലനമാണ് ഇരുവരും നേടിയത്.  മികച്ച കഴിവുകളും അനുഭവപരിചയവും ഉയര്‍ന്ന ശാരീരിക ക്ഷമതയും മാനസിക വഴക്കമുള്ളവരുമാണിവര്‍. ബഹിരാകാശ പരിസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ ഇത് അവരെ പ്രാപ്തരാക്കും. എന്‍ജിനീയറിങ്, റോബോട്ടിക്‌സ്, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇവര്‍ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.  ഈ ദൗത്യം ബഹിരാകാശ പര്യവേഷണത്തില്‍ സൗദി അറേബ്യക്ക് ഒരു പുതിയ യുഗമാണ് തുറക്കുന്നത്.  
ബഹിരാകാശത്ത് ഒരു സൗദി വനിതയുടെ ആദ്യ ദൗത്യമാണിത്. വിവിധ മേഖലകളില്‍ രാജ്യത്ത് സ്ത്രീകള്‍ കൈവരിച്ച പുരോഗതിയുടെ തെളിവു കൂടിയാണ് ഇത്.  ഒരു സൗദി അറേബ്യന്‍ ടീം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കുന്നതും ആദ്യമാണ്. കാലിഫോര്‍ണിയയിലെ ഹത്തോണിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനത്തെ പര്യവേഷണ നൈപുണ്യ പരിശീലനത്തിന് പുറമേ കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ജാപ്പനീസ്, യൂറോപ്യന്‍ ഗവേഷണ കേന്ദ്രങ്ങളില്‍ ഇവര്‍ പരിശീലനം  നേടിയിരുന്നു.

 

Latest News