അറബ് ഉച്ചകോടിയില്‍ സിറിയ പങ്കെടുക്കും, 12 വര്‍ഷത്തിന് ശേഷം

ജിദ്ദ - വെല്ലുവിളികള്‍ നേരിടാന്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന സന്ദേശവുമായി മുപ്പത്തിരണ്ടാമത് അറബ് ലീഗ് ഉച്ചകോടിക്ക് നാളെ ജിദ്ദയില്‍ തുടക്കമാകും. 22 അംഗരാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ പൂര്‍ത്തിയായി. നഗരം രാഷ്ട്രമേധാവികളെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു. എല്ലാ രാജ്യത്തലവന്മാരേയും ഉച്ചകോടിയിലേക്ക് സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.
മുഴുവന്‍ അറബ് രാജ്യങ്ങളും ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. ജിദ്ദ ഉച്ചകോടിയില്‍ സിറിയ പങ്കെടുക്കുന്നതിനെ സൗദി വിദേശ മന്ത്രി സ്വാഗതം ചെയ്തു. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് അറബ് ഉച്ചകോടിയില്‍ സിറിയ പങ്കെടുക്കുന്നത്. പുതിയ ഉച്ചകോടിയുടെ അധ്യക്ഷ പദവി അള്‍ജീരിയന്‍ വിദേശ മന്ത്രി അഹ്മദ് അത്താഫ് സൗദി വിദേശ മന്ത്രിക്ക് കൈമാറി. അറബ് ഉച്ചകോടിക്കു മുന്നോടിയായ സന്നാഹ യോഗത്തില്‍ ഇന്നലെ സിറിയന്‍ വിദേശ മന്ത്രി പങ്കെടുത്തു.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും സിറിയന്‍ വിദേശ, പ്രവാസികാര്യ മന്ത്രി ഡോ. ഫൈസല്‍ അല്‍മിഖ്ദാദും സന്നാഹ യോഗത്തോടനുബന്ധിച്ച് പ്രത്യേകം ചര്‍ച്ച നടത്തി. സിറിയയിലെ പുതിയ സംഭവവികാസങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. ജിദ്ദ അറബ് ഉച്ചകോടിയില്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് പങ്കെടുക്കുമെന്ന് സിറിയന്‍ വിദേശ മന്ത്രി പറഞ്ഞു. മുഴുവന്‍ അറബ് രാജ്യങ്ങളെയും ആശ്ലേഷിക്കാനും അന്തരീക്ഷം മെച്ചപ്പെടുത്താനും സൗദി അറേബ്യ വലിയ ശ്രമങ്ങള്‍ നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സൗദി, സിറിയന്‍ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. റിയാദില്‍ സിറിയന്‍ എംബസിയും ദമാസ്‌കസില്‍ സൗദി എംബസിയും തുറക്കാന്‍ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സൗദി അറേബ്യയും സിറിയയും ചെയ്തുകൊടുക്കുമെന്നും ഫൈസല്‍ അല്‍മിഖ്ദാദ് പറഞ്ഞു.

 

Latest News