സുഡാന്‍ സംഘര്‍ഷത്തില്‍ വെടിയേറ്റു മരിച്ച മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

കണ്ണൂര്‍- സുഡാനില്‍ ഇരു സേനകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (46) ആണ് ഖാര്‍ത്തൂമിലെ ഫ്‌ളാറ്റില്‍ വെടിയേറ്റ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെ നാട്ടിലെത്തിക്കുമെന്ന് വിവരം ലഭിച്ചതായി കുടുംബം അറിയിച്ചു. 

ഏപ്രില്‍ 14നാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റു മരിച്ചത്. 
ആല്‍ബര്‍ട്ടിനൊപ്പം ഈസ്റ്റര്‍ ആഘോഷത്തിന് എത്തിയ ഭാര്യ സൈബല്ലയുടെയും മകളുടെയും കണ്മുന്നില്‍ വെച്ചാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഭാര്യ സൈബല്ല സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരുന്നു.

ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചത്. ഓംഡര്‍മാനിലെ ടീച്ചിങ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം സൈബല്ലയേയും മകളേയും എംബസി രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചിരുന്നു.

Latest News