Sorry, you need to enable JavaScript to visit this website.

യുഎസില്‍ പത്രം ഓഫീസില്‍ വെടിവയ്പ്പ്; അഞ്ച് മരണം

അനാപോളീസ്- യുഎസിലെ മേരിലാന്‍ഡ് സ്റ്റേറ്റില്‍ പത്രം ഓഫീസില്‍ അതിക്രമിച്ചു കയറിയ യുവാവ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തി. മേരിലാന്‍ഡ് തലസ്ഥാനമായ അനാപോളീസില്‍ പ്രസിദ്ധീകരിക്കുന്ന ക്യാപിറ്റല്‍ ഗസറ്റ് പത്രത്തിന്റെ ന്യൂസ്‌റൂമിലാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്ത് ഉടന്‍ കുതിച്ചെത്തിയ പോലീസ് 38-കാരനായ ആക്രമി ജറോദ് റാമോസിനെ പിടികൂടി. ഇയാള്‍ക്ക് പത്രവുമായി ഏറെ കാലമായി വിരോധമുണ്ടായിരുന്നെന്നും ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. വെടിവയ്പ്പ് പത്രപ്രവര്‍ത്തകരെ ഉന്നമിട്ട് നടത്തിയതു തന്നെയാണെന്ന് പോലീസ് പറഞ്ഞു. തീവ്രവാദവുമായി ഈ ആക്രമണത്തിനു ബന്ധമില്ല. മറ്റു മാധ്യമ സ്ഥാപനങ്ങള്‍ക്കും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ആക്രമിയായ റാമോസ് 2012-ല്‍ പത്രത്തിനെതിരെ അപകീര്‍ത്തി കേസുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ കേസ് തള്ളിപ്പോയി. ആക്രമണം നടത്തുന്നതിനു മുമ്പ് പല തവണ ഇയാള്‍ പത്രത്തിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ഭീഷണി സ്വരമുളള പോസ്റ്റുകള്‍ ഇട്ടിരുന്നെന്നും പോലീസ് പറയുന്നു.

പ്രമുഖ കോളമിസ്റ്റും എഡിറ്ററും ജേണലിസം അധ്യാപകനുമായ റോബ് ഹിയാസെന്‍ (59), എഡിറ്റര്‍മാരായ ജെറാള്‍ഡ് ഫിഷമാന്‍, വെന്‍ഡി വിന്റേഴ്‌സ്, റിപ്പോര്‍ട്ടര്‍ ജോണ്‍ മക്‌നമാര, സെയില്‍സ് വിഭാഗം ജീവനക്കാരി റെബേക്ക സ്മിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. യുഎസിലെ ഏറ്റവും പഴക്കമേറിയ പത്രങ്ങളിലൊന്നാണ് ക്യാപിറ്റല്‍ ഗസറ്റ്. 1727-ല്‍ മേരിലാന്‍ഡ് ഗസറ്റ് എന്ന പേരിലായിരുന്നു തുടക്കം.
 

Latest News