Sorry, you need to enable JavaScript to visit this website.

ടൂറിസം വളർച്ചയിൽ സൗദിക്ക് ആഗോള തലത്തിൽ രണ്ടാം സ്ഥാനം

കഴിഞ്ഞ കൊല്ലമെത്തിയത് 1.66 കോടി വിദേശ ടൂറിസ്റ്റുകൾ

ജിദ്ദ - വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളർച്ചയിൽ ആഗോള തലത്തിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. ലോകത്ത് ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെ സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ 13 സ്ഥാനങ്ങൾ മറികടക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. കഴിഞ്ഞ വർഷം പട്ടികയിൽ സൗദി അറേബ്യ 12 ാം സ്ഥാനത്തെത്തി. കോവിഡ് മഹാമാരി വ്യാപനത്തിനു മുമ്പ് 2019 ൽ പട്ടികയിൽ സൗദി അറേബ്യ 25 ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ കൊല്ലം സൗദിയിൽ 1.66 കോടി വിദേശ ടൂറിസ്റ്റുകൾ എത്തിയതായി വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിനോദ സഞ്ചാര വരുമാന സൂചികയിൽ 16 സ്ഥാനങ്ങൾ സൗദി അറേബ്യ മറികടന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യ സൂചികയിൽ 11 ാം സ്ഥാനത്തെത്തി. 2019 ൽ സൂചികയിൽ 27 ാം സ്ഥാനത്തായിരുന്നു സൗദി അറേബ്യ. ടൂറിസം മേഖലയിലെ നേട്ടങ്ങൾ സൗദി അറേബ്യ തുടരുകയാണ്. ഈ വർഷം ആദ്യ പാദത്തിൽ 78 ലക്ഷം വിദേശ ടൂറിസ്റ്റുകളെ സൗദി അറേബ്യ സ്വീകരിച്ചു. ഒരു പാദവർഷത്തിൽ ഇത്രയും വിദേശ വിനോദ സഞ്ചാരികൾ സൗദിയിലെത്തുന്നത് ആദ്യമാണ്.
2019 ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 64 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇക്കാലയളവിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യയെന്ന് വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും വിഷൻ 2030 പദ്ധതിക്കനുസൃതമായി മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന ഉയർത്താനും തിരുഗേങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം നടത്തുന്ന ശ്രമങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളിൽ പ്രധാനമാണ് ഇതെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. വിസകൾ പരിഷ്‌കരിച്ചതും വിസ നടപടിക്രമങ്ങൾ സുഗമമാക്കിയതും ലക്ഷ്യമിടുന്ന രാജ്യങ്ങളിൽ നടത്തിയ പ്രൊമോഷൻ ശ്രമങ്ങളും സൗദിയിൽ വിനോദ സഞ്ചാര മേഖലയിലെ വൈവിധ്യമാർന്ന ഓപ്ഷനുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ നേട്ടങ്ങൾക്ക് സഹായിച്ചു. സൗദി അറേബ്യയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഭരണാധികാരികളുടെ മോഹങ്ങൾ സാക്ഷാൽക്കരിക്കാൻ സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ പങ്കാളികളുമായും സഹകരിച്ച് ടൂറിസം മന്ത്രാലയം ശ്രമങ്ങൾ തുടരുമെന്നും വകുപ്പ് മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു.
 

Latest News