കണ്ണൂര്‍ - മലബാറിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യ സൂത്രധാരനെ ചെന്നൈയില്‍നിന്നു പൊലീസ് പിടികൂടി. കാസര്‍കോട് സ്വദേശി ഇബ്രാഹിം എന്ന മുസമ്ബി ഇബ്രാഹിമിനെ(48) യാണ് കണ്ണൂര്‍ എ.സി.പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇയാള്‍ക്ക് ആന്ധ്രയില്‍ ഏക്കറുകണക്കിന് കഞ്ചാവ് കൃഷിയുണ്ടെന്ന് പൊലീസ് പറഞ്ഞു. അവിടെനിന്നു കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാന്‍ രഹസ്യ അറകളുള്ള വാഹനവുമുണ്ട്. ഈ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട്. ഇയാള്‍ മുഖേനയാണ് കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
2022 സെപ്റ്റംബറില്‍ എടക്കാട് വീട്ടില്‍നിന്ന് അറുപത് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യസൂത്രധാരന്‍ പിടിയിലായത്. ഇയാളെ ഉടന്‍ കണ്ണൂരിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എടക്കാടുള്ള ഒരു വീട്ടില്‍ വില്‍പനക്കെത്തിച്ച അറുപത് കിലോ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളാക്കുന്നതിനിടെയാണ് ഉളിക്കല്‍ സ്വദേശി ഇ. റോയിയെ പോലീസ് പിടികൂടിയത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഷാഖില്‍ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെയും പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ സൂത്രധാരനെക്കുറിച്ച് സൂചന ലഭിച്ചത്.






