ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടി, 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി

പത്തനംതിട്ട- തിരുവല്ലയില്‍ ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് നൂറോളം പേരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയില്‍. കേസിലെ പ്രതി പതിനൊന്നുവര്‍ഷത്തെ ഒളിവു ജീവിതത്തിന് ശേഷം പോലീസ് പിടിയില്‍.

തിരുവല്ല സിവിപി ടവേഴ്‌സ് ഉടമ തുകലശ്ശേരി ചന്ദ്ര വിരുത്തിയില്‍ ബോബന്‍ എന്ന് വിളിക്കുന്ന സി.പി ജോണ്‍ (59) ആണ് പിടിയിലായത്. കുരിശു കവലയിലെ സിവിപി ടവറിലെ ഫഌറ്റുകള്‍ വിദേശ മലയാളികള്‍ അടക്കം ഒന്നിലധികം പേര്‍ക്ക് വില്‍പ്പന നടത്തി പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് അറസ്റ്റ്. നൂറോളം പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പറയുന്നു. സിവിപി ടവറിലെ ഒരേ ഫഌറ്റുകള്‍ മൂന്നും നാലും പേര്‍ക്ക് വിറ്റതിനെ ചൊല്ലിയാണ് ബോബന് എതിരെ കേസുകള്‍ ഉടലെടുത്തത്. ഏതാണ്ട് 15 വര്‍ഷത്തിനു മുമ്പ് ആയിരുന്നു സംഭവം.

പരാതികളെ തുടര്‍ന്ന് ബോബന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇപ്പോള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ സുനില്‍ കൃഷ്ണന്‍, സീനിയര്‍ സിപിഒ ഹക്കീം എന്നിവര്‍ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തില്‍ ആണ് എറണാകുളം കളമശേരിയിലെ വാടക വീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ജോലിചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം ഫഌറ്റിന്റെ പേരില്‍ ബോബന്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ പണം മടക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ച് ബോബന്‍ പരാതിക്കാരായ പലര്‍ക്കും നല്‍കിയ തുകയുടെ വണ്ടിച്ചെക്കും നല്‍കിയിരുന്നു. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി പേര്‍ പരാതിയുമായി എത്തുന്നുണ്ടന്ന് പോലീസ് പറഞ്ഞു.

 

Latest News