സി.പി.എം വനിതാ നേതാവിനെ പാര്‍ട്ടി ബ്രാഞ്ച് അംഗം മര്‍ദിച്ചെന്ന് പരാതി

പയ്യന്നൂര്‍-സി.പി.എം വനിതാ നേതാവായ ഗ്രാമ പഞ്ചായത്ത് അംഗത്തെ സി.പി.എം  ബ്രാഞ്ച് അംഗം മര്‍ദ്ദിച്ചതായി പരാതി. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് അംഗം ഷീബ ദിവാകരനാണ് മര്‍ദ്ദനമേറ്റത്. അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് സി.പി.എം ബ്രാഞ്ച് അംഗം കുഞ്ഞികൃഷ്ണന്‍ മര്‍ദ്ദിച്ചെന്നാണ് ഷീബ നല്‍കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഷീബ പരാതിയുമായി പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമീപിച്ചത്. ഏതാനും നാളുകളായി ആലപ്പടമ്പയില്‍ കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ മണ്ണെടുപ്പ് തുടരുകയാണ്. ഇതിനിടെ അനധികൃതമായാണ് മണ്ണെടുക്കുന്നത് എന്ന വിവരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഷീബയെ അറിയിച്ചു. ഇതോടെ ഈ മാസം 12 ന് ഷീബ കുഞ്ഞികൃഷ്ണനോട് ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. എന്നാല്‍ ഷീബയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കൊലപ്പെടുത്തുമെന്ന്
ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ഷീബ ആരോപിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചെന്നും പരാതിയില്‍ ആക്ഷേപമുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആണ് ഷീബയുടെ ആവശ്യം.

 

Latest News