കേന്ദ്രത്തിന്റെ സ്തുതിപാഠകർക്ക് നീതിപീഠത്തിന്റെ തിരിച്ചടി

ജനാധിപത്യ തത്വങ്ങൾ പരിഗണിക്കാത്ത രാഷ്ട്രീയ ഭിക്ഷാടകരെയും 'ആയാറാം ഗയാറാം' കാലുമാറ്റക്കാരെയും ആർ.എസ്.എസ് കർസേവകരെയും ഗവർണർമാരായി അവരോധിച്ച് പ്രതിപക്ഷ പാർട്ടികൾക്ക് മേധാവിത്വമുള്ള  സംസ്ഥാനങ്ങളിൽ ഭരണ സ്തംഭനത്തിനുള്ള മോഡി സർക്കാരിന്റെ ശ്രമങ്ങൾക്ക് പരമോന്നത നീതിപീഠത്തിൽനിന്ന് ഈയിടെ ലഭിച്ചത് ഇരട്ട പ്രഹരമാണ്. 
മഹാരാഷ്ട്രയിലെ അട്ടിമറിയും ദൽഹിയിലെ അധികാര നിർവചനവും മുൻനിർത്തി സുപ്രീം കോടതി താക്കീതിന്റെ സ്വരത്തിലാണ് പ്രതികരിച്ചത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സർക്കാരിനെ വീഴ്ത്തിയ ഗവർണറുടെയും സ്പീക്കറുടെയും നടപടി നിയമപരമായി തെറ്റാണെന്നും പച്ചയായ രാഷ്ട്രീയം കളിച്ചെന്നും കോടതി നിരീക്ഷിച്ചു. 
ക്രമസമാധാനം, പോലീസ്, ഭൂമി ഒഴികെയുള്ള രംഗങ്ങളിൽ നിയമ നിർമാണ, ഭരണ നിർവഹണ അധികാരങ്ങൾ ദൽഹി സർക്കാരിനാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഉത്തരവിട്ടു. ഭരണപരമായ അധികാരങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽനിന്ന് കവരരുതെന്നും കൂട്ടിച്ചേർത്തു.
ഉദ്ധവ് സർക്കാരിനോട് വിശ്വാസ വോട്ട് തേടാൻ ഗവർണർ ഭഗത്സിങ് കോഷിയാരി നിർദേശിച്ചതും സ്പീക്കർ, ഏക്നാഥ് ഷിൻഡെ അനുകൂലിയായ ഭരത് ഗോഗാവാലയ്ക്ക് ചീഫ് വിപ്പ് പദവി അനുവദിച്ചതും തെറ്റാണെന്ന് ഭരണഘടന ബെഞ്ച് വിധിച്ചു. ഗവർണറുടെയോ സ്പീക്കറുടെയോ നിയമ വിരുദ്ധത അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് അഞ്ചംഗ ബെഞ്ച് നൽകിയത്.  
കൂടുതൽ സാമാജികർ ഒപ്പമാണെന്ന് അവകാശപ്പെട്ടാണ് ഷിൻഡെ വിഭാഗം ചീഫ് വിപ്പിനെയും നിയമസഭ കക്ഷി നേതാവിനെയും നിയോഗിച്ചത്. പക്ഷേ, രാഷ്ട്രീയ പാർട്ടികൾക്കാണ് രണ്ടു സ്ഥാനവും തെരഞ്ഞെടുക്കാൻ അധികാരം. ലെജിസ്ലേച്ചർ പാർട്ടിക്കല്ലെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. അമിത ധിറുതിയിൽ വിശ്വാസ വോട്ട് നിർദേശിച്ചതിലൂടെ ഗവർണർ രാഷ്ട്രീയ ഇടപെടൽ നടത്തി. സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന ഒരു തെളിവും അദ്ദേഹത്തിന്റെ  മുന്നിലുണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിലെയോ പുറത്തെയോ  തർക്കങ്ങളിൽ ഗവർണർമാർ ഇടപെടേണ്ടതില്ല. മന്ത്രിസഭയുടെ ഉപദേശ, നിർദേശങ്ങൾ പ്രകാരമാണ് പ്രവർത്തിക്കേണ്ടത്. അസാധാരണ സാഹചര്യങ്ങളിലേ  സ്വന്തം നിലയ്ക്ക് പ്രവർത്തിക്കാവൂവെന്നും ചൂണ്ടിക്കാട്ടി. ഉദ്ധവ് സ്ഥാനം രാജിവെച്ചതിനാൽ ആ സർക്കാരിനെ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. ഷിൻഡെ കടിച്ചുതൂങ്ങുന്നത് അധാർമികമാണെന്നാണ് സൂചന.
കേന്ദ്രത്തിന്റെ ഉപകരണമായി ദൽഹി വിഷയങ്ങളിൽ കൈകടത്തുന്ന ലെഫ്. ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതാണ് സുപ്രീം കോടതി  ഉത്തരവ്. ലെഫ്. ഗവർണർ മന്ത്രിസഭയുടെ ഉപദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. അധികാര പ്രയോഗത്തിൽ അതീവ ജാഗ്രത പാലിക്കണം. 
സഭയുടെ അധികാര പരിധിക്ക് വെളിയിലുള്ള വിഷയങ്ങളിലേ  ഇടപെടാവൂ. 
അതല്ലെങ്കിൽ, തെരഞ്ഞെടുത്ത സർക്കാർ അപ്രസക്തമാകും. ഐ.എ.എസുകാരുടെ നിയന്ത്രണത്തിനും അധികാരം സർക്കാരിനാണ്. ഉദ്യോഗസ്ഥർ മന്ത്രിമാർക്ക്  മറുപടി നൽകുന്ന നിലയാണ് അഭികാമ്യമെന്നും  ഭരണഘടന ബെഞ്ച് പറഞ്ഞു. 
ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ, സ്ഥലംമാറ്റം തുടങ്ങിയവയിൽ ആർക്കാണ് അധികാരമെന്നതിൽ സർക്കാരും ലെഫ്. ഗവർണറും വാഗ്വാദം നിലനിന്നിരുന്നു. 
2019 ഫെബ്രുവരിയിൽ പ്രശ്നം കോടതിയിലെത്തി. ജോയന്റ് സെക്രട്ടറി റാങ്കിലേക്കും മുകളിലേക്കുമുള്ള നിയമനാധികാരം ലെഫ്. ഗവർണർക്കാണെന്ന് ജസ്റ്റിസ്.എ.കെ. സിക്രിയും ഉദ്യോഗസ്ഥ നിയമനം ദൽഹി സർക്കാരിന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയമാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണും  വിധിച്ചു. ഭിന്നതയുടെ സാഹചര്യത്തിൽ വിഷയം മൂന്നംഗ ബെഞ്ചിനും പിന്നീട് അഞ്ചംഗ ബെഞ്ചിനും വിട്ടു. 
സമവർത്തി പട്ടികയിലെ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്കോ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കോ നിയമ നിർമാണം  നടത്താമെങ്കിലും നിലവിലുള്ള കേന്ദ്ര നിയമങ്ങൾക്ക് വിധേയമായിട്ടാകണമെന്ന് പരാമർശിച്ച ഭരണഘടന ബെഞ്ച് എന്നാൽ, സംസ്ഥാന ഭരണം കേന്ദ്രം ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും വ്യക്തമാക്കി. പുതിയ വിധിയിലൂടെ അക്കാര്യം വീണ്ടുമൊരിക്കൽ കൂടി കോടതി ഊന്നിപ്പറഞ്ഞിരിക്കുകയാണ്.

Latest News