ഭാവിയിലേക്കുള്ള ചൂണ്ടുപലക

കഴിഞ്ഞ ദിവസം കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കപ്പെട്ട വേളയിൽ രസകരമായ ഒരു കമന്റ് സമൂഹ മാധ്യമങ്ങളിൽ കണ്ടു. നിങ്ങൾ അയാളെ വീട്ടിൽ നിന്ന് പിടിച്ചു പുറത്താക്കി, അയാൾ നിങ്ങളെ ഒരു സംസ്ഥാനത്ത് നിന്ന് തന്നെ ഇല്ലാതാക്കി. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ അവശേഷിച്ച തുരുത്താണ് ഇതോടെ ഇല്ലാതായത്. തീർത്തും നിരാശരായിക്കഴിഞ്ഞ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾക്ക് പ്രതീക്ഷ സമ്മാനിച്ച ഫലമാണിത്. 
കോൺഗ്രസിന്  ഈ ഫലം നൽകുന്ന ഉത്തേജനം ചെറുതൊന്നുമല്ല. 2014 ന് ശേഷം തുടർച്ചയായ പരാജയങ്ങൾ മാത്രം അനുഭവിച്ച ഒരു പാർട്ടി, കുതിരക്കച്ചവടത്തിൽപെട്ട് സ്വന്തം സർക്കാർ ഒന്നാകെ മറുകണ്ടം കാണുന്നത് കണ്ട പ്രവർത്തകർ, രായ്ക്കുരാമാനം പാർട്ടി വിട്ട് മറ്റൊരു പാളയത്തിൽ ചേർന്ന നേതാക്കളുടെ ചെയ്തി കണ്ട് വിറങ്ങലിച്ച് നിന്ന മറ്റു നേതാക്കൾ... എന്നിവർക്കെല്ലാം കർണാടക ഫലമെന്നത് മരുഭൂമിയിൽ പെയ്ത മഴയാണ്. ഇന്ത്യയിലെങ്ങും സർക്കാരുണ്ടാക്കിയ പാർട്ടി, ഏഴ് പതിറ്റാണ്ടോളം രാജ്യം ഭരിച്ച പാർട്ടി എന്നൊക്കെയുള്ള ലേബലിൽ നിന്ന് കോൺഗ്രസ് നിലയില്ലാക്കയത്തിലായത്  2014 മുതലാണ്. അതിന് ശേഷം എത്രയോ തെരഞ്ഞെടുപ്പുകൾ നടന്നു. വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിനെ മാറ്റി നിർത്തി രണ്ടക്കം പോലും തികയ്ക്കാത്ത ബി.ജെ.പി പല  തവണ സർക്കാർ രൂപീകരിച്ചു. 
വെറും രണ്ട് സംസ്ഥാനത്ത് മാത്രം അധികാരത്തിലുള്ള പാർട്ടി എന്ന നാണക്കേട് വർഷങ്ങളോളം കോൺഗ്രസ് പേറി. അതിന് അന്ത്യം കുറിക്കാൻ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് വേണ്ടി വന്നു. ഹിമാചലിൽ ബി.ജെ.പിയെ മാറ്റി കോൺഗ്രസിനെ ജനം അധികാരത്തിലെത്തിച്ചു. സാവകാശം കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുകയായിരുന്നു. 
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നുറപ്പിച്ച രാഹുൽ ഗാന്ധിയുടെ പിടിവാശിയിൽ സംഘടന തെരഞ്ഞെടുപ്പ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നത്.  അതോടൊപ്പം  ചിന്തൻ ശിബിർ പാർട്ടിക്ക് ഊർജമായി. അതിൽ നിന്ന് ഉരുത്തിരിഞ്ഞ ഭാരത് ജോഡോ യാത്ര തകർന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വഴിയൊരുക്കി. വർഷങ്ങളായി ഉറങ്ങിക്കിടന്ന കോൺഗ്രസ് കോട്ടകളിലേക്ക് രാഹുൽ നടന്ന് കയറി. പ്രവർത്തകർ ആവേശത്തിലായി. അതിനിടെ നടന്ന സംഘടന തെരഞ്ഞെടുപ്പിലൂടെ പാർട്ടിയുടെ സാരഥ്യം മല്ലികാർജുൻ ഖാർഗെയിലേക്കും എത്തി. ഭാരത് ജോഡോ യാത്രക്ക് ശേഷം ആകെ മാറിയ രാഹുലിനെ രാജ്യം കണ്ടു. കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിലും പുറത്തും രാഹുലിന്റെ ശബ്ദം ഉയരാൻ തുടങ്ങി. 
പ്രതിപക്ഷത്ത് മുമ്പെങ്ങുമില്ലാത്ത വിധം ഐക്യം രൂപപ്പെടുത്താൻ രാഹുലിനെ അയോഗ്യനാക്കിയതോടെ സാധിച്ചു. കോൺഗ്രസില്ലാതെ ബി.ജെ.പി ഇതര ബദൽ എന്ന് പറഞ്ഞവർ പോലും നിർണായക നിമിഷത്തിൽ  രാഹുലിനൊപ്പം അണിനിരന്നു. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനേ സാധിക്കൂ എന്ന പാർട്ടി നേതാക്കളുടെ ശബ്ദം കൂടുതൽ സജീവമാകാനും തുടങ്ങി. 
കർണാടകയിൽ കോൺഗ്രസിന് പകരം ജെ.ഡി.എസ് ആണ് ജയിച്ചത് എങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രതിപക്ഷ നേതൃസ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. ബി.ജെ.പി ഇതര ഐക്യത്തിന് കോൺഗ്രസില്ലാതെ സാധിക്കില്ല എന്ന വ്യക്തമായ സൂചനയാണ് കന്നഡ ജനത നൽകിയത്. രാജ്യത്തെ വോട്ടർമാർ തങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ചത് പോലെയാണ് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ എല്ലാം സംഭവിച്ചത് ഇതാണ്. കർണാടകയും അതേ വഴിയിൽ. 
കർണാടകയിലെ കോട്ട  നഷ്ടമായിരുന്നുവെങ്കിൽ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കോൺഗ്രസ്  സാധ്യതകളെ സാരമായി ബാധിച്ചേനേ. അതിനാൽ തന്നെയാണ് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ നിന്ന് അധികാരം തട്ടിയെടുക്കുന്നത് കോൺഗ്രസിന് നൽകുന്ന ഊർജം വളരെ വലുതാവുന്നതും.  
പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. വിഭാഗീയതയെ അകറ്റി നിർത്തുക എന്ന വെല്ലുവിളിയുമായി പ്രചാരണത്തിനിറങ്ങിയ കോൺഗ്രസ് സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ ദ്വന്ദത്തെ ഭിന്നാഭിപ്രായങ്ങൾക്കിടയിലും ഫലപ്രദമായി വിനിയോഗിച്ചു. 150 സീറ്റുകൾ നേടുക എന്ന ലക്ഷ്യമാണ് കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നത്. കൂറുമാറ്റം തടയാൻ ഇത് വഴിയെന്ന രാഹുലിന്റെ ആഹ്വാനത്തെ വോട്ടർമാർ സ്വീകരിച്ചു  എന്നാണ് ഫലം വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. രണ്ടു ടേം പൂർത്തിയാക്കിയ ബി.ജെ.പി ക്യാമ്പ് വലിയ പ്രതീക്ഷയിലായിരുന്നു.  മറുപക്ഷത്തെ ഭിന്നതകളാണ് ബി.ജെ.പിയുടെ സ്വപ്‌നങ്ങൾക്ക് നിറം പകരുന്നത്. 2014, 19 വർഷങ്ങളിലേത് പോലെ അത്ര എളുപ്പം വിജയിക്കാനാവുന്ന സാഹചര്യമല്ലെന്നതാണ് യാഥാർഥ്യം. 
ബി.ജെ.പി ഭരിച്ചിരുന്ന ഹിമാചൽ പ്രദേശ് കർണാടകക്ക് മുമ്പ് കോൺഗ്രസ് നേടുകയും ചെയ്തു. കോൺഗ്രസ് ജയിക്കുമെന്ന പ്രതീതി വന്നതോടെ റിസോർട്ടുകൾ ബുക്ക് ചെയ്യാനുള്ള തിരക്കായിരുന്നു. എന്നാൽ നാൽപത് എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് കണ്ടതോടെ ഓപറേഷൻ താമരയുടെ പദ്ധതി വേണ്ടെന്ന് വെക്കുകകയായിരുന്നു. അത് കഴിഞ്ഞപ്പോഴതാ മുഖ്യമന്ത്രിയാവാൻ തയാറായി കോൺഗ്രസിന്റെ മൂന്ന് നേതാക്കൾ. ദേശീയ നേതൃത്വം ഇടപെട്ട് ഇതിനും പെട്ടെന്ന് പരിഹാരമുണ്ടാക്കി. 
കർണാടകയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ ഇംപാക്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് കടന്നുപോയ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് നേട്ടമുണ്ടാക്കുകയും ചെയ്തു. നരേന്ദ്ര മോഡിയേക്കാൾ വലിയ ഫാക്ടറായി സംസ്ഥാന തെരഞ്ഞെടുപ്പിൽ രാഹുൽ മാറിയിരിക്കുകയാണ്. കോൺഗ്രസിന് ലഭിച്ച സീറ്റുകളിൽ നല്ലൊരു ശതമാനത്തിനും വിജയത്തിന് വഴിയൊരുക്കിയത് രാഹുലാണ്. അത് സാധ്യമായത് ഭാരത് ജോഡോ യാത്രയാണെന്ന് പറയാം. 
രാജ്യത്തെ ഒന്നിപ്പിക്കാനാണെന്ന് രാഹുൽ നടത്തിയ പ്രചാരണം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാണ്. ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും കൈമെയ് മറന്ന് പ്രവർത്തിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. രാഹുലിന്റെ ഭാരത് ജോഡോ കടന്നുപോയ മണ്ഡലങ്ങളിൽ 36 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 145 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് കോൺഗ്രസ് നടത്തിയത്. രാഹുലായിരുന്നു ഈ യാത്രയുടെ മുഖം. 
കർണാടകയിലെ ഏഴ് ജില്ലകളാണ് ഈ യാത്ര കവർ ചെയ്തത്. ചാംരാജ്നഗർ, മൈസൂരു, മാണ്ഡ്യ, തുമകുരു, ചിത്രദുർഗ, ബെല്ലാരി, റായ്ച്ചൂർ എന്നിവയാണ് ആ ജില്ലകൾ. ഇത്രയും ജില്ലകളിലായി 51 സീറ്റുകളാണ് ഉള്ളത്. അതിലാണ് 36 സീറ്റുകൾ കോൺഗ്രസ് നേടിയത്. ബി.ജെ.പി കഴിഞ്ഞ തവണ നേടിയ സീറ്റുകളിലും ഇത്തവണ കോൺഗ്രസ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. 
 സ്ത്രീകൾക്കായി അടക്കം ഉന്നയിച്ച അഞ്ച് വാഗ്ദാനങ്ങളും കോൺഗ്രസിന്റെ സ്ഥിരം വോട്ട് ബാങ്കിനപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ടുപോകുന്നതിൽ നിർണായകമായി. പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണവുമെല്ലാം ഗുണം ചെയ്തിരുന്നു.  കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ നടപ്പാക്കുമെന്നാണ് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയത്. 200 യൂനിറ്റ് സൗജന്യ വൈദ്യുതി ഇതിൽ വരും. എല്ലാ വീടുകളിലും ഇത് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ കുടംബത്തിലെയും ഗൃഹനാഥക്ക് രണ്ടായിരം രൂപ ധനസഹായവും ഇതിനൊപ്പം പ്രഖ്യാപിച്ചതാണ്.  ബി.പി.എൽ വിഭാഗത്തിലെ ഓരോ അംഗത്തിനും പത്ത് കിലോ അരിയും നൽകുമെന്ന് അറിയിച്ചിരുന്നു. തൊഴിലില്ലാത്ത ബിരുദധാരികളായ എല്ലാ യുവാക്കൾക്കും 3000 രൂപ നൽകും. അതുപോലെ 1500 രൂപ തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്കും നൽകും. സംസ്ഥാനത്തെ പൊതുഗതാഗത സർവീസിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രയും കോൺഗ്രസിന്റെ വാഗ്ദാനത്തിൽ  ഉള്ളതാണ്.
 വർഗീയതയും വിദ്വേഷ പ്രചാരണവുമൊന്നും അധിക കാലം ചെലവാകില്ലെന്ന സന്ദേശം കൂടി തെരഞ്ഞെടുപ്പു ഫലം നൽകുന്നു. ഏത് മതക്കാരനായാലും വർധിപ്പിച്ച ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വില നൽകാതെ നിവൃത്തിയില്ലല്ലോ. കർണാടക തെരഞ്ഞെടുപ്പിൽ നിന്ന് പാഠമുൾക്കൊണ്ട് ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് ഐക്യത്തോടെ പ്രവർത്തിക്കാൻ ദേശീയ പ്രതിപക്ഷത്തിനാവണം.

Latest News