Sorry, you need to enable JavaScript to visit this website.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ, ഓര്‍ഡിന്‍സിന് മന്ത്രി സഭ അംഗീകാരം നല്‍കി

തിരുവനന്തപുരം - ആശുപത്രിയുടെയും ആശുപത്രി ജീവനക്കാരുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള  ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള  അതിക്രമത്തില്‍  ഏഴ് വര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന ഓര്ഡിന്‍സാണ് കൊണ്ടു വന്നിട്ടുള്ളത്. 2012 ല്‍ പാസാക്കിയ നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. അക്രമപ്രവര്‍ത്തനം നടത്തുകയോ ഇതിന്  ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ എഴ് വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപയില്‍ കുറയാതെ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. നിയമത്തിന് കീഴില്‍  രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാനടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കാനും തീരുമാനിച്ചു.

 

 

 

 

 

Latest News