Sorry, you need to enable JavaScript to visit this website.

സിദ്ധരാമയ്യയ്ക്ക് രണ്ടാമൂഴം; സോണിയയുടെ വീടിന് മുന്നിൽ ഡി.കെ അനുകൂലികളുടെ പ്രകടനം

- ഡി.കെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ

ന്യൂഡൽഹി - കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ വീണ്ടും സിദ്ധരാമയ്യ തന്നെ നയിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് ഡൽഹിയിൽനിന്നുള്ള റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം രണ്ടുവർഷത്തിനുശേഷം ഡി.കെ ശിവകുമാറുമായി പങ്കിടാമെന്ന ധാരണയിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്.
 പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നുകൊണ്ടുതന്നെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഡി.കെ ശിവകുമാറിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും എം.എൽ.എയായി തുടരാമെന്നുമാണ് അദ്ദേഹം ചർച്ചയിൽ പങ്കുവെച്ചത്. ഡി.കെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിക്കാനും ധാരണയായിട്ടുണ്ട്. എന്തായാലും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി എത്തിയ ശേഷമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഷിംലയിലുള്ള സോണിയാ ഗാന്ധി എത്തി നേതാക്കളുമായി ചർച്ച പൂർത്തിയാക്കിയാൽ ഉടനെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിലെ പ്രഖ്യാപനവും സത്യപ്രതിജ്ഞ തിയ്യതിയും അറിയിക്കാനാണ് എ.ഐ.സി.സി ധാരണയിലെത്തിയിട്ടുള്ളത്. അതിനിടെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിക്കു മുമ്പിൽ ഡി.കെ അനുകൂലികൾ പ്രകടനവുമായെത്തി. കർണാടകയുടെ വിജയ ശിൽപ്പിക്ക് മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞ യാതൊന്നും സ്വീകാര്യമല്ലെന്ന് പ്രവർത്തകർ പറഞ്ഞു.
 കർണാടകയിൽ ബി.ജെ.പിയെ അട്ടിമറിച്ച് വൻ വിജയം നേടി നാലുദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാത്തതിലുള്ള പ്രതിസന്ധി തീർക്കാൻ ഡൽഹിയിൽ തിരക്കിട്ട ഗൗരവപരമായ ചർച്ചകളാണ് തുടരുന്നത്. സിദ്ധരാമയ്യയും ശിവകുമാറും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള വിവിധ നേതാക്കളുമായി ഇതിനകം പലവട്ടം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇരുവരും തങ്ങളുടെ ആവശ്യങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. നേതൃത്വം തങ്ങളുടെ വികാരവും ഇരുവരെയും അറിയിച്ചിട്ടുണ്ട്.
 ഇതനുസരിച്ച് ആദ്യ രണ്ടുവർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനാണ് ധാരണ. അതിനുശേഷം മൂന്നുവർഷം ഡി.കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കില്ല. എന്നാൽ ഡി.കെ ശിവകുമാറിന് ഇത് സംബന്ധിച്ച് സോണിയയും രാഹുലും ഖാർഗെയും ഉറപ്പുനൽകും. ഡി.കെയെ അനുനയിപ്പിക്കാനുള്ള മാരത്തൺ ചർച്ചകൾ തുടരുകയാണ്. 
  സിദ്ധരാമയ്യ സർക്കാറിൽ ഡി.കെ ചേരാത്തപക്ഷം പകരം അദ്ദേഹം നിർദേശിക്കുന്നവർ മന്ത്രിസഭയിൽ ഇടംപിടിക്കും. ഒപ്പം മൂന്ന് ഉപമുഖ്യമന്ത്രിമാരെയും തെരഞ്ഞെടുക്കും. ലിംഗായത്ത്, എസ്.സി, മുസ്‌ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചാവും ഉപമുഖ്യമന്ത്രിമാർ. എം.ബി പാട്ടീൽ (ലിംഗായത്ത്), ഡോ. ജി പരമേശ്വര (എസ്.സി), യു.ടി ഖാദർ (മുസ്‌ലിം) എന്നിവരാകും ഡി.കെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പകരക്കാരായി നിയോഗിക്കപ്പെടുക.


 

Latest News