കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ച പോലീസ് ഉദ്യോഗസ്ഥന് അന്ത്യാഞ്ജലി

കോട്ടയം - ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മരണപ്പെട്ട രാമപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ വിയോഗത്തില്‍ വിതുമ്പി പോലീസ് കുടുംബം. പൊന്‍കുന്നം ഇരുപതാം മൈല്‍, കടുക്കാമല വാഴേപറമ്പില്‍ ജോബി ജോര്‍ജിന്റെ (51) മൃതദേഹം വീട്ടില്‍നിന്നു പള്ളിയിലേക്ക് എടുത്തത് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു. രാമപുരത്ത് ശനിയാഴ്ച രാത്രി 11 മണിയോടുകൂടി ചീട്ടുകളി നടക്കുന്നു എന്നറിഞ്ഞ് അന്വേഷിക്കാന്‍ എത്തിയ കെട്ടിടത്തിന് മുകളില്‍ നിന്നും ജോബി ജോര്‍ജ് താഴെ വീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മൃതദേഹം ഒരു നോക്ക് കാണുവാന്‍ വീട്ടിലും, ഹാളിലും, പള്ളി സെമിത്തേരിയിലുമായി  ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് തടിച്ചുകൂടിയത്. മരണവാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ സാന്ത്വനമായി ജോബിയുടെ വീട്ടുകാര്‍ക്കൊപ്പം ഉണ്ടായിരുന്നു. മൃതദേഹം വസതിയില്‍ നിന്നും പള്ളിയിലേക്ക് എടുക്കുമ്പോള്‍ നിറകണ്ണുകളോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ തോളിലേറ്റിയത്. പള്ളിയിലെ മരണാനന്തര ചടങ്ങുകള്‍ കഴിയുന്നതുവരെ  പോലീസ് ഉദ്യോഗസ്ഥര്‍ പള്ളി സെമിത്തേരിയില്‍ നിലയുറപ്പിച്ചിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരം കല്ലറയിലേക്ക് വച്ച് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി നല്‍കി.

 

Latest News