കോട്ടയം- കോണ്‍ഗ്രസ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ജോസ് മാണി തല്‍ക്കാലം യു.ഡി.എഫിലേക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് ജോസിന്റെ തീരുമാനം.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമേ ഇടുക്കി, പത്തനംതിട്ട സീറ്റുകളും ആവശ്യപ്പെടാനാണു കേരളാ കോണ്‍ഗ്രസി(എം)ന്റെ തീരുമാനം. രണ്ട് സീറ്റെങ്കിലും കിട്ടുമെന്നാണു പ്രതീക്ഷ. യു.ഡി.എഫിലെത്തിയാലും ഒരു സീറ്റേ കിട്ടാനിടയുള്ളൂ. അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ മുന്നണിമാറ്റം വേണ്ടെന്നാണ് തീരുമാനം. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടിവരുന്ന കേരളാ കോണ്‍ഗ്രസിന് അധികനാള്‍ ഇടതുമുന്നണിയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
കേരള കോണ്‍ഗ്രസി(എം)നെ യു.ഡി.എഫിലേക്കു സ്വാഗതം ചെയ്ത കെ. സുധാകരന്‍, അതിനുള്ള എല്ലാ ശ്രമവും നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയുടെ അഭിവാജ്യഘടകമാണെന്നായിരുന്നു ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ മറുപടി. കെ. മുരളീധരനും കേരള കോണ്‍ഗ്രസിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തില്‍ പി.ജെ. ജോസഫ് തൃപ്തനല്ലെങ്കിലും ആരും അത്ര കാര്യമാക്കുന്നില്ല.