റിയാദ് - ലോകത്ത് ഏറ്റവും കൂടുതൽ പെട്രോൾ സമ്പന്നമായ പ്രദേശം കിഴക്കൻ സൗദി അറേബ്യ ഉൾപ്പെട്ട പ്രദേശമാണെന്ന് ഏറ്റവും പുതിയ ഭൗമശാസ്ത്ര പഠനം വെളിപ്പെടുത്തുന്നു. സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റിന് തെക്ക് വാദി അൽസബ്ഹാക്കും വാദി അൽരിമക്കും ഇടയിലുള്ള പ്രദേശമാണ് ലോകത്തെ ഏറ്റവും പെട്രോൾ സമ്പന്നം. ഇവിടെ നൂറിലേറെ പെട്രോൾ, ഗ്യാസ് കിണറുകളുണ്ടെന്ന് സൗദി അറാംകോയിലെ മുൻ പെട്രോളിയം അഡൈ്വസറും കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ജിയോളജി പ്രൊഫസറുമായ ഡോ. അബ്ദുൽ അസീസ് ബിൻ ലഅ്ബൂൻ പറഞ്ഞു. ഈ കിണറുകളിൽ കൂടുതലും സൗദിയിലാണ്. പ്രകൃതി വിഭവങ്ങളാൽ ഏറ്റവും സമ്പന്നമായ ലോകത്തെ പ്രദേശം ഇതാണ്. ലോകത്ത് കരയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ സൗദിയിലെ അൽഗവാറും രണ്ടാമത്തെ എണ്ണപ്പാടമായ ബുർഖാനും ഇവിടെയാണ്. ബുർഖാൻ കുവൈത്ത് അതിർത്തിക്കുള്ളിൽ പെടും. ലോകത്ത് സമുദ്രത്തിലെ ഏറ്റവും വലിയ എണ്ണപ്പാടമായ സൗദിയിലെ അൽസഫാനിയ എണ്ണപ്പാടവും ഈ പ്രദേശത്താണെന്ന് അദ്ദേഹം പറഞ്ഞു.