എ.ഐ.ക്യാമറ വിവാദം: ഇടനിലക്കാരനായത് കോഴിക്കോട്ടെ സി.പി.എം നേതാവെന്ന് എം.ടി.രമേശ്

കോഴിക്കോട് - എ.ഐ ക്യാമറ വിവാദത്തില്‍ പുതിയ ആരോപണവുമായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്.
ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണും അല്‍ഹിന്ദുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കോഴിക്കോട്ടെ പാര്‍ലമെന്റ് അംഗമായ സി.പി.എം നേതാവാണ്. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലിലാണ് ചര്‍ച്ച നടന്നത്. അല്‍ഹിന്ദിന് കൊടുക്കാനുള്ള മൂന്നു കോടിരൂപയില്‍ ഒരു കോടി രൂപ നല്‍കിയത് ഈ ചര്‍ച്ചയെ തുടര്‍ന്നാണ്. രണ്ടു കോടി രൂപ നല്‍കാത്തതിനാലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പുറത്തായതെന്നും എം.ടി.രമേശ് പറഞ്ഞു.
കോര്‍പറേഷനിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ്.
കേരളം ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും നാടായി മാറി. തിരുവനന്തപുരം ബലരാമപുരത്ത് മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവം, മലപ്പുറത്ത് അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ സംഭവം, ട്രെയിനില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെടുന്ന സംഭവം തുടങ്ങി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്‌കാരിക പ്രമുഖരും മൗനം തുടരുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും രമേശ് പറഞ്ഞു.

 

Tags

Latest News