Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ടാക്‌സികളുമായി കൂടുതല്‍ വനിതകള്‍; പുരുഷന്മാര്‍ക്കും കയറാം

റിയാദ്- വനിതകൾ ഓടിക്കുന്ന ടാക്‌സികളിൽ പുരുഷ യാത്രക്കാരെ കയറ്റാവുന്നതാണെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ടാക്‌സി ഓടിക്കുന്നതിനുള്ള അനുമതിയിൽ സ്ത്രീപുരുഷന്മാർക്കിടയിൽ വ്യത്യാസമില്ല. ഡ്രൈവിംഗ് ലൈസൻസും കാറുമുള്ള, വ്യവസ്ഥകൾ പൂർത്തിയാക്കിയ ഏതു സൗദി വനിതക്കും പൊതുഗതാഗത അതോറിറ്റി ലൈസൻസുള്ള ഓൺലൈൻ ടാക്‌സി കമ്പനിയിൽ ഡ്രൈവർമാരായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഉപയോക്താവ് സ്ത്രീയോ പുരുഷനോ എന്ന് നോക്കാതെ വനിതകൾക്ക് ടാക്‌സി സർവീസ് നടത്താവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി. 


ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നതോടെ നിരവധി വനിതകൾ ഓൺലൈൻ ടാക്‌സി കമ്പനികൾക്കു കീഴിൽ ടാക്‌സി സർവീസ് മേഖലയിൽ ജോലി തുടങ്ങിയിട്ടുണ്ട്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി ഓൺലൈൻ ടാക്‌സി കമ്പനികളുടെ വരുമാനത്തെ ബാധിക്കില്ലെന്ന് കരീം കമ്പനി സി.ഇ.ഒ ഡോ. അബ്ദുല്ല ഇൽയാസ് പറഞ്ഞു. സൗദിയിൽ ഓൺലൈൻ ടാക്‌സി കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരിൽ 80 ശതമാനത്തോളം വനിതകളാണ്. രണ്ടായിരം സൗദി വനിതകൾ കരീം കമ്പനിക്കു കീഴിൽ ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ഓടെ ഇരുപതിനായിരം സൗദി വനിതകളെ ക്യാപ്റ്റന്മാരായി നിയമിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിംഗ് അനുമതി പത്തു വർഷത്തിനുള്ളിൽ സൗദി വനിതകൾക്കു മുന്നിൽ അഞ്ചു ലക്ഷത്തിലേറെ തൊഴിവലസരങ്ങൾ സൃഷ്ടിക്കുമെന്നും വനിതകളെ ജോലിക്കുവെക്കുന്നതിന് സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും നിലവിൽ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ഇല്ലാതാക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 


വനിതാവൽക്കരണം നടപ്പാക്കുന്നതിനുള്ള പ്രധാന പ്രതിബന്ധം ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്‌മെന്റ് കുറയുക വഴി ദേശീയ സമ്പദ്‌വ്യവസ്ഥക്ക് വലിയ നേട്ടമുണ്ടാകും. ദിവസേനയെന്നോണം ആവർത്തിക്കുന്ന അമിത വേഗം മൂലമുള്ള വാഹനാപകടങ്ങളിൽനിന്ന് കുട്ടികൾക്കും വിദ്യാർഥികൾക്കും സംരക്ഷണം നൽകുന്നതിനും വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി സഹായകമാകും. മാന്യമായ ജോലിയിലൂടെ ഉപജീവന മാർഗം കണ്ടെത്തുന്നതിനും കുറഞ്ഞ വരുമാനക്കാരായ വനിതകളെ ഡ്രൈവിംഗ് അനുമതി സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

Latest News