Sorry, you need to enable JavaScript to visit this website.

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

ബംഗളൂരു- കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.  രണ്ടു ടേം വ്യവസ്ഥയിലാണ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമില്‍ മൂന്ന് വര്‍ഷം ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ധാരണയായിരിക്കുന്നത്.

ഫലപ്രഖ്യാപനത്തിനുശേഷം ബംഗളൂരുവില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഭൂരിപക്ഷം എം.എല്‍.എ.മാരും സിദ്ധരാമയ്യക്കൊപ്പമായിരുന്നു. ഇന്നു രാവിലെ ദല്‍ഹിയിലെത്തിയ കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാറുമായി കെ.സി. വേണുഗോപാല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കെ.സി. വേണുഗോപാല്‍ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തി രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ചനടത്തി.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി ഡി.കെ. ശിവകുമാര്‍ തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ നിന്ന് തിരികെ ഇറങ്ങിയ ശിവകുമാര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ചിരുന്നു.

ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും വേണമെന്ന ആവശ്യമാണ് ഡി.കെ. ശിവകുമാര്‍ പ്രധാനമായും പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.  ടേം സംബന്ധിച്ച് കൃത്യമായ ഉറപ്പ് വേണമെന്നും കൂടെനില്‍ക്കുന്ന നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കണമെന്നും ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടതായും പാര്‍ട്ടി  വൃത്തങ്ങള്‍ പറയുന്നു.

 

Latest News