Sorry, you need to enable JavaScript to visit this website.

കൊച്ചി ക്ലിക്ക്‌സ്‌

എറണാകുളം നോർത്തിലെ എസ്.ആർ.എം റോഡിൽ നിന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പെട്ടെന്ന് കളമശ്ശേരിയിലെത്താനുള്ള മാർഗം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഓട്ടോക്കാരൻ മുന്നിൽ വന്നു നിന്നത്. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞുള്ള നേരം. അതുകൊണ്ട് തന്നെ റോഡിൽ നല്ല ട്രാഫിക്. 12-13 കിലോ മീറ്റർ അകലെയാണ് ലക്ഷ്യം. മര്യാദ രാമന്മാരെന്ന ടൈറ്റിലൊന്നും ലഭിച്ചിട്ടില്ലാത്ത കൊച്ചിയിലെ ഓട്ടോക്കാരൻ കത്തി റേറ്റ് പറയുമെന്നാണ് കരുതിയത്, അഞ്ഞൂറ് രൂപയെങ്കിലും. 350 രൂപക്ക് പോകാമെന്ന് അയാൾ സമ്മതിച്ചു. എന്നാലും അര മണിക്കൂറിനിടെ എത്തുമെന്ന് ഒരുറപ്പുമില്ല. അപ്പോഴാണ് തൊട്ടു മുമ്പിൽ കൊച്ചി മെട്രോയുടെ ടൗൺ ഹാൾ സ്റ്റേഷൻ ശ്രദ്ധയിൽ പെടുന്നത്. കൗണ്ടറിൽ ഓടിച്ചെന്ന് കളമശ്ശേരിക്ക് തൊട്ടു മുമ്പുള്ള കൊച്ചിൻ യൂനിവേഴ്‌സിറ്റി സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്തു. വെറും മുപ്പത് രൂപ. പണത്തിന്റെ ലാഭം മാത്രമല്ല നേട്ടം. 
കളമശ്ശേരി പോലീസ് സ്റ്റേഷനടുത്തുള്ള ഓഡിറ്റോറിയത്തിലെ ചടങ്ങിന് പെട്ടെന്നെത്തുകയും വേണം. ഓട്ടോക്കാരൻ വിമാനം പോലെ പറന്നാലും വഴിയിൽ കലൂർ, പാലാരിവട്ടം, ഇടപ്പള്ളി കവലകളിലെ തിരക്ക് കഴിഞ്ഞ് എപ്പോഴാണെത്തുകയെന്നത് സംബന്ധിച്ച് ഒരുറപ്പുമില്ല. മാത്രവുമല്ല, കൊച്ചിക്കാരുടെ പ്രധാന ദേശീയ ഉത്സവങ്ങളിലൊന്നായ ഇടപ്പള്ളി പള്ളി പെരുന്നാളിന്റെ പ്രധാന ദിവസവും. കേരളത്തിലെ ഏറ്റവും പ്രധാന ഷോപ്പിംഗ് കേന്ദ്രമായ ഇടപ്പള്ളിയിലെ ലുലു മാളും കടന്നു വേണം ഓട്ടോ കളമശ്ശേരി ബെയ്ത് കൺവെൻഷൻ സെന്ററെന്ന കല്യാണ മണ്ഡപത്തിലെത്താൻ. 
40 മിനിറ്റിലധികം വേണ്ടിവരുമെന്ന കാര്യം തീർച്ച. ഇതേ ദൂരം പതിനഞ്ച് മിനിറ്റ് കൊണ്ടെത്താനും മെട്രോ സഹായകമായി. മറ്റൊരു ഗതാഗത സംവിധാനവും അതേ റൂട്ടിൽ അത്രയും കുറഞ്ഞ സമയത്തിനകം എത്തിച്ചേരില്ലെന്ന് തീർച്ച. 
നമ്മുടെ കെ.എസ്.ആർ.ടി.സി പോലെ കൊച്ചി മെട്രോയും നഷ്ടത്തിലാണ്, പ്രതിസന്ധിയിലാണെന്നൊക്കെയുള്ള പാട്ടാണ് സാധാരണ കേൾക്കാറുള്ളത്. ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ടാവുമെന്ന് വേണം ധരിക്കാൻ. 
കുസാറ്റ് സ്റ്റേഷനിലേക്കുള്ള യാത്രയും തുടർന്ന് അടുത്ത ദിവസം സൗത്തിലും മറ്റും ചെന്നപ്പോഴൊക്കെ പരിമിതമായ കമ്പാർട്ടുമെന്റുകളിൽ ആളുകൾ നിൽക്കുന്നതാണ് കണ്ടത്. ബോഗികളുടെ എണ്ണം കുറച്ചുവോയെന്നും സംശയമില്ലാതില്ല. ടിക്കറ്റിതര വരുമാനം കൂട്ടാനുള്ള പദ്ധതികളും കൊച്ചി മെട്രോ നടപ്പാക്കുന്നതായും മനസ്സിലാക്കാം. കമ്പാർട്ടുമെന്റുകൾക്കകത്ത് പലേടത്തായി അമ്യൂസ്‌മെന്റ് പാർക്കിന്റെ പരസ്യം. എം.ജി റോഡിലെ മെട്രോ സ്റ്റേഷനിൽ ആളുകൾക്ക് താമസിക്കാൻ എ.സി ഡോർമിറ്ററി സൗകര്യമേർപ്പെടുത്തിയിട്ടുമുണ്ട്. അഞ്ഞൂറ് രൂപ വാടക ഈടാക്കിയാണ് ആളുകൾക്ക് താമസ സൗകര്യം നൽകുന്നത്. ഇതെല്ലാം മെട്രോയുടെ ഭാവിക്ക് നല്ലതിനാണ്. 
സദാ തിങ്ങിനിറഞ്ഞോടുന്ന മെട്രോ സർവീസ് രാത്രി 10.30 വരെ മാത്രമേയുള്ളൂ. ഇതൊരു പരിമിതിയാണ്. വലിയ നഗരങ്ങളിലേത് പോലെ 24 മണിക്കൂറും ഈ സൗകര്യം ലഭ്യമാക്കാവുന്നതാണ്. ചുരുങ്ങിയ പക്ഷം ചെന്നൈ മെട്രോ പോലെ രാത്രി 12 വരെയെങ്കിലും സർവീസ് വേണം. 
കൊച്ചി പഴയ കൊച്ചിയല്ലെന്ന സിനിമ ഡയലോഗ് പോലെയാണ് കാര്യങ്ങൾ മാറിയത്. പത്ത് മുപ്പത് കൊല്ലം മുമ്പ് നമ്മൾ കണ്ട കൊച്ചി നഗരമല്ല ഇപ്പോൾ. വെണ്ടുരുത്തി പാലത്തിലെ റോഡ് ബ്ലോക്ക് എല്ലാം പഴയ കഥ. അടിസ്ഥാന സൗകര്യങ്ങൾ വളരെ മെച്ചപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ തുടങ്ങിയതാണ് പുരോഗതിയിലേക്കുള്ള കുതിപ്പ്. നേവൽ ബേസിനടുത്തുള്ള ചെറിയ താവളത്തിന്റെ സ്ഥാനത്താണ് ലോകത്തെവിടേക്കും കണക്റ്റിവിറ്റിയുമായി ആദ്യ പ്രൈവറ്റ്-പബ്ലിക് സംരംഭമായി (പി.പി.പി) കെ. കരുണാകരൻ മുൻകൈയെടുത്ത് എതിർപ്പുകളെ അവഗണിച്ച് വിമാനത്താവളം വന്നത്. അതിൽ പിന്നെ മെട്രോ സർവീസായി. കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിച്ച സമയത്ത് പെട്ടെന്ന് ഭരണാനുമതിയും ഫണ്ടും ലഭിച്ചു.  മെട്രോ കാക്കനാട്ടേക്ക് കൂടി നീട്ടുന്നതും കേരളത്തിന്റെ ഐ.ടി മേഖലക്കും കുതിപ്പേകും. കൊച്ചി വാട്ടർ മെട്രോയാണ് ഏറ്റവും പുതിയ അഡീഷൻ. പ്രധാനമന്ത്രി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത വാട്ടർ മെട്രോ ടൂറിസ്റ്റുകളെ നന്നായി ആകർഷിക്കുന്നു. ഒരു നഗരത്തിന്റെ പൊതുഗതാഗത രംഗം വികസിച്ചതിലൂടെ സിറ്റി വളർച്ച കൈവരിച്ചതിന്റെ മികച്ച ഉദാഹരണമാണ് കൊച്ചി. ഇതൊന്നും വെറുതെയുണ്ടായതല്ല. 
കഴിവും അർപ്പണ ബോധവമുള്ള മധ്യകേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ഉത്സാഹമാണ് ഇതിനെല്ലാം വഴിവെച്ചത്. കെ. കരുണാകരൻ, എ.കെ. ആന്റണി, വയലാർ രവി, കെ.എം. മാണി, വി.എം. സുധീരൻ, ജോർജ് ഈഡൻ, ഇബ്രാഹിം കുഞ്ഞ് മുതൽ നീളുന്ന പട്ടികയാണ് ശക്തമായ മധ്യകേരള രാഷ്ട്രീയ ലോബി. 
കേരളത്തിൽ പലേടത്തും ടൂറിസം വളർത്താനെന്ന പേരിൽ പല പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും കൊച്ചിയിലാണ് ഇത് യാഥാർഥ്യമായത്. കൊച്ചിയിലും പരിസരങ്ങളിലുമുള്ള വൻകിട ഹോട്ടലുകൾ സഞ്ചാരികൾക്ക് സൈറ്റ് സീയിംഗിന് ഉൾപ്പെടെ  സൗകര്യം ചെയ്തു കൊടുക്കുന്നു. പണ്ടു കാലത്ത് മൈസൂരുവിലും ബംഗളൂരുവിലും കണ്ടത് പോലെ എറണാകുളത്തെ ചെറിയ ഹോട്ടലുകളിൽ നിന്ന് പോലും മിനി ബസുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ രാവിലെ തന്നെ നഗര കാഴ്ചകൾ കാണാൻ പുറപ്പെടുന്നു. സർക്കാർ ഏജൻസികളുടെ ഇടപെടലൊന്നുമില്ലാതെ കൊച്ചിയിലെ ടൂറിസം പടർന്നു പന്തലിക്കുകയാണ്. 
വീക്കെൻഡിൽ ബജറ്റ് ക്ലാസ് ഹോട്ടലുകൾ പോലും ഹൗസ് ഫുള്ളാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ നേത്രരോഗ വിദഗ്ധരുടെ അഖിലേന്ത്യ സമ്മേളനത്തിനാണ് കൊച്ചി ആതിഥേയത്വമരുളിയത്. ആൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റിയുടെ  81 ാം വാർഷിക സമ്മേളനം കൊച്ചി ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിലാണ് നടന്നത്.  ആറായിരം ഡോക്ടർമാരും രണ്ടായിരം മെഡിക്കൽ കമ്പനി പ്രതിനിധികളുമെത്തിയപ്പോൾ ഒരിടത്തും മുറിയില്ലെന്ന അവസ്ഥ വരെ സംജാതമായി. കൊച്ചി പോലെ കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. എം.പിമാർ അവരുടെ ജോലിയെന്തെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ വാസ്‌കോ ഡ ഗാമക്ക് പോലും വഴി തെറ്റാത്ത കോഴിക്കോടിനെയും മാറ്റാനാവും. 

Latest News