Sorry, you need to enable JavaScript to visit this website.

സഞ്ചാരികളെ മാടിവിളിക്കുന്ന കശ്മീർ

ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുക കശ്മീർ ആണെന്നതിൽ സംശയമില്ല. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ കശ്മീരിലേക്ക് സഞ്ചാരികളെത്താതിരുന്നതിന് ക്രമസമാധാന പ്രശ്‌നങ്ങൾ കാരണമായിരുന്നു. അതു കഴിഞ്ഞ് രണ്ടു വർഷം കോവിഡ് മഹാമാരി കാരണവും നഷ്ടമായി. മലയാളികളുൾപ്പെടെ നിരവധി പേരാണ് കശ്്മീർ സന്ദർശനത്തിനെത്തുന്നത്. പല പ്രദേശങ്ങളിൽ നിന്നും ടൂർ ഓപറേറ്റർമാർ മലയാളികളുടെ ആഘോഷ വേളകളിൽ ഗ്രൂപ്പുകളായി കശ്മീർ സന്ദർശനത്തിന് വഴിയൊരുക്കുന്നു. വിമാനത്തിൽ ശ്രീനഗറിൽ വന്നിറങ്ങുന്ന സഞ്ചാരികൾക്ക് പറയാനുള്ളത് സുരക്ഷ പരിശോധനകളുടെ പേരിൽ സമയം പാഴാകുന്നതിനെ കുറിച്ചാണ്. മൂന്നും നാലും മണിക്കൂറെടുക്കാതെ പുറത്തെത്താറില്ലെന്ന് ഒരു മലയാളി ടൂറിസ്റ്റ് പരാതിപ്പെട്ടു. ആകെ ആശ്വാസം ഇതെല്ലാം നമ്മുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടിയാണല്ലോയെന്നും സഞ്ചാരി കൂട്ടിച്ചേർത്തു. 


എല്ലാവരെയും ആകർഷിക്കാവുന്ന പ്രകൃതിദത്തമായ വിനോദ കേന്ദ്രമാണ് കശ്മീർ. ഇവിടത്തെ മലകളും താഴ്വരകളും പോലെ തന്നെ ആകർഷകമാണ് തടാകങ്ങളും. പ്രകൃതിയും സാഹസികതയും  ഇഷ്ടപ്പെടുന്നവർ ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് കശ്മീർ. അതിമനോഹരമായ തടാകക്കരയിലെത്തിയാൽ സമയം പോകുന്നത് അറിയുകയേ ഇല്ല. 
കശ്മീരിലെ ഏറ്റവും പ്രശസ്തമായ തടാകങ്ങളിലൊന്നായ ദാൽ തടാകം തികച്ചും വ്യത്യസ്തമായ അനുഭൂതി പകരുന്നു. വശ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന മെയ് മുതൽ നവംബർ വരെയാണ് ദാൽ തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ വേള. ഇന്ത്യയാണിപ്പോൾ ജി20 കൂട്ടായ്മയുടെ അധ്യക്ഷ പദവിയിൽ. ജി20 ഉച്ചകോടിയുടെ വേദി രാജ്യത്തിന്റെ പല ഭാഗങ്ങളിലാണ്. കശ്മീരും കൂട്ടത്തിലുൾപ്പെടുന്നു. 
സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാൻ ജി 20 ഉച്ചകോടി ഉപയോഗപ്പെടുത്താൻ ജമ്മു കശ്മീർ സർക്കാർ പദ്ധതി ആസൂത്രണം ചെയ്തു. 
ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രദേശത്തെ ആഗോള വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിനുള്ള അംബാസഡർമാരായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് ടൂറിസം സെക്രട്ടറി സയ്യിദ് ആബിദ് റാഷിദ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. ഇതു മനസ്സിൽ കണ്ടാണ് സാഹസിക ടൂറിസത്തിന് പ്രത്യേക പ്രോത്സാഹനം നൽകുന്നത്. സബർവാൻ പാർക്കിൽ ഹോട്ട് എയർ ബലൂണും ട്രക്കിംഗ് പര്യവേക്ഷണവും ഏർപ്പെടുത്തിയത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ്. 


ജി20 ഉച്ചകോടിയും സർക്കാരിന്റെ ഉത്തേജക പദ്ധതിയുമെല്ലാം ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല. എന്നാൽ വിമാന യാത്ര നിരക്ക് കുത്തനെ ഉയരുന്നത് ഗുണകരമല്ലെന്നാണ് ട്രാവൽ രംഗത്തെ പ്രമുഖർ പറയുന്നത്. 
തിരക്കേറിയ സീസൺ മുന്നിൽ കണ്ടാണ് വിമാന യാത്ര നിരക്ക് വർധിപ്പിച്ചത്. താഴ്വര സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളിൽ പലരും വിമാന നിരക്ക് കുതിച്ചുയരുന്നതിനാൽ പദ്ധതികൾ റദ്ദാക്കിയതായി ജമ്മു കശ്മീർ ടൂറിസം അലയൻസ് ചെയർമാൻ നിസാർ ഷാ പറഞ്ഞു. അന്വേഷണങ്ങൾ ധാരാളമായെത്തുന്നു. അതിലും വേഗത്തിൽ റദ്ദാക്കലും -അദ്ദേഹം വ്യക്തമാക്കി. 
മുംബൈയിൽ നിന്നുള്ള എട്ട് പേരുടെ  സംഘം  കശ്മീർ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ വിമാന ടിക്കറ്റുകളുടെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നതിനാൽ കശ്മീർ ഉപേക്ഷിച്ച് മറ്റു ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കുകയാണ് ഈ സംഘം ചെയ്തത്.  വരാനും തിരികെ പോകാനുമുള്ള വിമാന ടിക്കറ്റിന് ഏകദേശം 40,000 രൂപ ചെലവ് വരും. ഇക്കാരണത്താലാണ് അവർ പദ്ധതി ഉപേക്ഷിച്ചത് -അദ്ദേഹം പറഞ്ഞു.
ഗോ ഫസ്റ്റ് എയർലൈനുകളുടെ പ്രവർത്തനം നിർത്തിയതും കശ്്മീർ ടൂറിസത്തിന് തിരിച്ചടിയായി. 

Latest News