Sorry, you need to enable JavaScript to visit this website.

വിസിറ്റ് വിസക്കാർക്ക് ഉംറ പെർമിറ്റുണ്ടെങ്കിൽ മാത്രം മക്കയിലേക്ക് പ്രവേശനം

മക്ക - വിസിറ്റ് വിസയിൽ രാജ്യത്തെത്തിയവർക്ക് ഉംറ പെർമിറ്റുണ്ടെങ്കിൽ മാത്രമേ മക്കയിലേക്ക് പ്രവേശനം നൽകുകയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ പെർമിറ്റ് കൈവശമുള്ളവർ പെർമിറ്റിൽ നിർണയിച്ച സമയം കൃത്യമായി പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നേടുന്ന പ്രത്യേക പെർമിറ്റില്ലാത്ത വിദേശികൾക്ക് മക്കയിൽ പ്രവേശന വിലക്ക് നിലവിൽവന്നിട്ടുണ്ട്. പെർമിറ്റില്ലാത്തവരെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് നേടിയവരെയും മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമയുള്ളവരെയും ഉംറ, ഹജ് പെർമിറ്റുകൾ നേടിയവരെയും മാത്രമാണ് ചെക്ക് പോസ്റ്റുകളിൽ നിന്ന് മക്കയിലേക്ക് കടത്തിവിടുന്നത്.
മക്കയിൽ പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റ് ജവാസാത്ത് ഡയറക്ടറേറ്റ് ഓൺലൈൻ ആയി അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. സൗദി കുടുംബങ്ങളിലെ ഗാർഹിക തൊഴിലാളികൾ, സൗദികളല്ലാത്ത കുടുംബാംഗങ്ങൾ, മക്കയിൽ ആസ്ഥാനമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ, ഹജ് കാലത്ത് ജോലി ചെയ്യാൻ മക്കയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി തൊഴിൽ കരാറുകൾ ഒപ്പുവെച്ച, തൊഴിലാളി കൈമാറ്റത്തിനുള്ള അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സീസൺ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കാണ് മക്കയിൽ പ്രവേശിക്കാൻ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നത്.
 

Latest News