Sorry, you need to enable JavaScript to visit this website.

സൈനികരുടെ ജീവത്യാഗം മോഡി വോട്ടാക്കുന്നു -കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല

ന്യൂദല്‍ഹി- രാജ്യത്തെ സൈനികരുടെ ജീവത്യാഗം വെച്ച് വോട്ടു നേടാനുള്ള തന്ത്രമാണു നരേന്ദ്ര മോഡി സര്‍ക്കാരും ബി.ജെ.പിയും പയറ്റുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സേനയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. 2016 ല്‍ സൈന്യം അതിര്‍ക്കപ്പുറം കടന്നു നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകളില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം.
മോഡി സര്‍ക്കാര്‍ ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തെ ദുരുപയോഗം ചെയ്യുകയണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗോ അടല്‍ ബിഹാരി വാജ്‌പേയിയോ സൈന്യത്തിന്റെ ധൈര്യത്തെ വോട്ടുകള്‍ സ്വരൂപിക്കാന്‍ വേണ്ടി ചൂഷണം ചെയ്തിട്ടില്ല. ജീവന്‍ നഷ്ടപ്പെടുത്തിയത് ജവാന്മാരും അതിലൂടെ നേട്ടങ്ങള്‍ സമ്പാദിച്ചത് മോഡിയുമാണെന്ന് സുര്‍ജേവാല പറഞ്ഞു. മിന്നലാക്രമണം ഫലപ്രദമായിരുന്നുവെങ്കില്‍ അതിന് ശേഷം അതിര്‍ത്തിക്കിപ്പുറം നടന്ന ഭീകരാക്രമണങ്ങളില്‍ 146 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്ന് സുര്‍ജേവാല ചോദിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് മിന്നലാക്രമണത്തെ വോട്ട് നേടാന്‍ വേണ്ടി ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു വശത്ത് സൈനികരുടെ രക്തത്തിന്റെയും ത്യാഗങ്ങളുടെയും നേട്ടം മോഡി സര്‍ക്കാര്‍ സ്വന്തമാക്കുമ്പോള്‍ മറുവശത്ത് പാക്കിസ്ഥാന്‍ പിന്തുണക്കുന്ന ഭീകരവാദത്തെ ചെറുക്കാന്‍ നയപരമായി നീക്കങ്ങളൊന്നും നടത്തുന്നില്ല. 2016 സെപ്റ്റംബറിന് ശേഷം 76 തവണയാണു ഭീകരാക്രമണം ഉണ്ടായത്. 146 സൈനികരുടെ ജീവന്‍ നഷ്ടപ്പെടുകയും 1600 തവണ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുകയും ചെയ്തു. എല്ലാ തവണയും മോഡി സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍നിന്നു പിന്നോട്ടു പോകുന്നതാണ് കാണുന്നത്. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ ഇന്ത്യന്‍ സേന നടത്തി നിരവധി മിന്നലാക്രമണങ്ങളില്‍ രാജ്യം അഭിമാനിക്കുന്നു. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം സൈനികരെ  കോണ്‍ഗ്രസ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചിരുന്നു. സര്‍ക്കാരിനെയും ഈ വിഷയത്തില്‍ പിന്തുണച്ചു. മന്‍മോഹന്‍ സിംഗിന്റെ ഭരണ കാലത്തും സര്‍ജിക്കല്‍ സ്്‌ട്രൈക്ക് നടന്നിട്ടുണ്ടെങ്കിലും മോഡി സര്‍ക്കാര്‍ നടത്തിയത് പോലെ വന്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടില്ലെന്നും സുര്‍ജേവാല പറഞ്ഞു.ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വിഷയത്തില്‍ മോഡി സര്‍ക്കാരിനെയും ബിജെപിയേയും കുറ്റപ്പെടുത്തി രംഗത്തെത്തി.
സൈനികരുടെ ത്യാഗത്തെയും അന്തസ്സിനെയും ഇടിച്ചു താഴ്ത്താനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചു. മിന്നലാക്രണത്തെ മോഡി സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നിഷേധിച്ചു. ബിജെപിയുടെ യഥാര്‍ഥ ഉദ്ദേശ്യം അങ്ങനെ ആയിരുന്നെങ്കില്‍ മിന്നലാക്രണത്തിന്റെ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പുകളുടെ സമയത്ത് പുറത്തു വിടുമായിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്തു കൊണ്ടാണ് വീഡിയോ ഇപ്പോള്‍ പുറത്തു വിട്ടതെന്ന ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. കോണ്‍ഗ്രസിന്റെ ആരോപണങ്ങളില്‍ ഭീകരരും അവരുടെ സംരക്ഷകരായ പാക്കിസ്ഥാനുമാണ് സന്തോഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2016 ല്‍ പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. കമാന്‍ഡോകളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറകളില്‍നിന്ന് ലഭിച്ച വീഡിയോകളാണ് പുറത്തുവിട്ടത്. ദൃശ്യങ്ങളെല്ലാം സത്യമാണെന്ന് സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ ചുമതലയുണ്ടായിരുന്ന ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡി.എസ് ഹൂഡ സ്ഥിരീകരിച്ചിട്ടുണ്ട്.
    

 

Latest News