വൈദ്യുതി നിരക്ക് വര്‍ധന ജൂണ്‍ പകുതിയോടെ

തിരുവനന്തപുരം:-വൈദ്യുതി നിരക്ക് വര്‍ധന ജൂണ്‍ പകുതിയോടെ റെഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. തെളിവെടുപ്പിലുയര്‍ന്ന ജനങ്ങളുടെ അഭിപ്രായങ്ങളില്‍ പ്രതികരണം അറിയിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് വെള്ളിയാഴ്ചവരെ കമ്മിഷന്‍ സമയം അനുവദിച്ചു.അടുത്ത നാലുവര്‍ഷത്തേക്ക് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നല്‍കിയ അപേക്ഷയില്‍ കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. തിങ്കളാഴ്ച തിരുവനന്തപുരത്തുനടന്ന അവസാന തെളിവെടുപ്പില്‍, നിരക്ക് വര്‍ധനയെ ഉപഭോക്താക്കള്‍ രൂക്ഷമായി എതിര്‍ത്തു.
കമ്മിഷന്‍ അധ്യക്ഷന്‍ ടി.കെ. ജോസ്, അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വില്‍സണ്‍ എന്നിവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തു.
എല്ലാ വിഭാഗങ്ങളിലുമായി 6.19 ശതമാനം വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഗാര്‍ഹിക മേഖലയില്‍ ഈവര്‍ഷം ആവശ്യപ്പെടുന്ന വര്‍ധന 8.94 ശതമാനമാണ്. വന്‍കിട വ്യവസായങ്ങള്‍ക്ക് 7.75 ശതമാനവും. നാലു വര്‍ഷത്തേക്ക് 2381 കോടിരൂപയുടെ അധിക വരുമാനമാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളുടെ അതേ നിരക്ക് എയ്ഡഡ് സ്‌കൂളുകള്‍ക്കും അനുവദിക്കണമെന്ന് എയ്ഡഡ് സ്‌കൂളുകളുടെ സംഘടന ആവശ്യപ്പെട്ടു. നിരക്ക് കൂട്ടുന്നതിനെതിരേ ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ കേരള തെളിവെടുപ്പ് വേദിയുടെ പരിസരത്ത് ധര്‍ണ നടത്തി.

Latest News