Sorry, you need to enable JavaScript to visit this website.

കേരള സ്റ്റോറി നിര്‍ത്താന്‍ കാരണം കാണാന്‍ ആളില്ലാത്തതിനാലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ന്യൂദല്‍ഹി-വിദ്വേഷം വിളമ്പുന്ന സിനിമയായ ദി കേരള സ്റ്റോറി തമിഴ്‌നാട്ടില്‍ നിര്‍ത്താന്‍ കാരണം മോശം പ്രതികരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അഭിനേതാക്കളുടെ മോശം പ്രകടനം കാരണമാണ് സിനിമക്ക് സ്വീകാര്യത ലഭിക്കാതെ പോയതെന്നും മേയ് ഏഴു മുതല്‍ തിയേറ്റര്‍ ഉടമകള്‍ പ്രദര്‍ശനം സ്വമേധയാ നിര്‍ത്തുകയായിരുന്നുവെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യാവങ്മൂലത്തില്‍ പറഞ്ഞു. സിനിമക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രദര്‍ശനത്തിനു തയാറായ തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

സിനിമ നിരോധിച്ചതില്‍ ബംഗാള്‍ സര്‍ക്കാരിനോടൊപ്പം തമിഴ്‌നാടിനോടും സുപ്രീംകോടതി  വിശദീകരണം തേടിയിരുന്നു.  സിനിമ പ്രദര്‍ശനം നിരോധിച്ച ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവിന് എതിരായ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം തേടിയത്.
രാജ്യത്ത് മറ്റിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചിരുന്നു.  ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതിനോട് യോജിച്ചിരുന്നില്ല. തിയറ്ററുകളില്‍നിന്ന് സിനിമ പിന്‍വലിച്ചതിനെ കുറിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്.

 

 

Latest News