രാത്രി വാഹനപരിശോധനക്കിടെ എസ്.ഐക്ക് മര്‍ദനമേറ്റു

തിരുവനന്തപുരം - രാത്രി വാഹനപരിശോധനക്കിടെ എസ്.ഐയെ വളഞ്ഞിട്ട് മര്‍ദിച്ചു. ബീമാപള്ളിയില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് എസ്.ഐക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ പൂന്തുറ സ്‌റ്റേഷനിലെ എസ്.ഐ എച്ച്.പി ജയപ്രകാശ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ഞായറാഴ്ച രാത്രിയാണ് എസ്.ഐക്ക് അഞ്ചംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. വാഹനപരിശോധനക്ക് എസ്.ഐ ഉള്‍പ്പെടെ നാലു പേര്‍ ഉണ്ടായിരുന്നതായി പൂന്തുറ പോലീസ് പറഞ്ഞു. വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുന്നതിനിടെ പ്രദേശവാസികളായ ഒരു സംഘം ആളുകള്‍ ഇത് ചോദ്യം ചെയ്‌തെത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം.
തര്‍ക്കം ഉണ്ടായപ്പോള്‍ പ്രതികളില്‍ ഒരാള്‍ ഇരുമ്പു കമ്പി എടുത്ത് എസ്.ഐക്കു നേരെ വീശി. ഇതു തടയാന്‍ ശ്രമിച്ച എസ്.ഐക്ക് കൈക്ക് അടിയേറ്റു. തലയിലും മുതുകിലും മര്‍ദിക്കുകയും ചവിട്ടി നിലത്തിടുകയും ചെയ്തു. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്തതിനും അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു.

 

Latest News