Sorry, you need to enable JavaScript to visit this website.

വനിതാ ഡ്രൈവിംഗ്: ചരിത്രത്തിലേക്കൊരു  ടോപ് ഗിയർ

വളയത്തിനു പിന്നിൽ വളയിട്ട കൈകൾക്കിരിക്കാനുള്ള അനുമതി നേടിയെടുക്കുന്നതിൽ സൗദി വനിതകളുടെ ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്രം കൂടിയുണ്ട്.  െ്രെഡവിംഗ് അവകാശത്തിനായി വനിതകൾ ആദ്യമായി പരസ്യമായി രംഗപ്രവേശം ചെയ്തത് 1990 ലാണ്. അതിൽ പങ്കാളികളായവർക്ക് പലവിധ ശിക്ഷകൾ നേരിടേണ്ടി വന്നുവെങ്കിലും അണയാതെ കിടന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരണത്തോടെ ആളിക്കത്തുകയായിരുന്നു. ജൂൺ 24 ന് അത് സഫലമാവുകയും ചെയ്തു.


2018 ജൂൺ 24 സൗദി അറേബ്യയുടെ ചരിത്രത്തിലെ സുവർണ ദിനമാണ്. വനിതകൾക്ക് വാഹനമോടിക്കാനുള്ള ഔദ്യോഗിക അനുമതിയുടെ ഈ സുദിനം ആധുനിക സൗദി അറേബ്യയുടെ സാമൂഹിക ചരിത്രത്തിലെ നാഴികക്കല്ലായി ഇടം പിടിച്ചു കഴിഞ്ഞു. സ്വന്തം രാജ്യത്ത് നിയമാനുസൃതം വാഹനം ഓടിക്കുന്നതിനുള്ള സൗദി സ്ത്രീകളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടതിലൂടെ ചരിത്രത്തിലേക്കാണ് അവർ  ഓടിക്കയറിയത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആധുനിക സൗദി അറേബ്യക്കായുള്ള പരിഷ്‌കരണ നടപടികളിൽ ഏറ്റവും ശ്രദ്ധേയമായ ചവടുവെപ്പായാണ് ലോക മാധ്യമങ്ങൾ ഇതിനെ വിലയിരുത്തിയത്. സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്രമില്ലാത്ത, െ്രെഡവിംഗിന് അനുമതിയില്ലാത്ത ലോകത്തിലെ ഏക രാജ്യമെന്ന പേരുദോഷമാണ് ഇതിലൂടെ തിരുത്തപ്പെട്ടത്.
വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള വാഹന ഗതാഗത നിയമ ഭേദഗതിക്ക് 2017 സെപ്റ്റംബർ 26 നാണ് ഭരണകൂടം അനുമതി നൽകിയത്. അതു പ്രാബല്യത്തിൽ വരാൻ ഒൻപത് മാസത്തെ സാവകാശം എടുത്തത് സ്ത്രീകൾക്ക് ലൈസൻസ് നൽകുന്നതിനും അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനുമായിരുന്നു. ലോകം ഉറ്റുനോക്കുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോൾ എല്ലാവിധ പഴുതുകളും അടക്കുന്നതിനും സാമൂഹിക പരിവർത്തനത്തിനുതകും വിധം മനസ്സുകളെ പാകപ്പെടുത്തിയെടുക്കുന്നതിനും ഈ സാവകാശം ഉപകരിച്ചു. 
വളയത്തിനു പിന്നിൽ വളയിട്ട കൈകൾക്കിരിക്കാനുള്ള അനുമതി നേടിയെടുക്കുന്നതിൽ സൗദി വനിതകളുടെ ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്രം കൂടിയുണ്ട്.  ഡ്രൈവിംഗ് അവകാശത്തിനായി വനിതകൾ ആദ്യമായി പരസ്യമായി രംഗപ്രവേശം ചെയ്തത് 1990 ലാണ്. അതിൽ പങ്കാളികളായവർക്ക് പലവിധ ശിക്ഷകൾ നേരിടേണ്ടി വന്നു. എങ്കിലും അണയാതെ കിടന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരണത്തോടെ ആളിക്കത്തുകയായിരുന്നു. മറ്റു മുസ്‌ലിം രാഷ്ട്രങ്ങൾ ഉൾപ്പെടെ ലോകത്ത് എവിടെയും സ്ത്രീകൾക്ക് വാഹനം ഓടിക്കാമെന്നിരിക്കേ തങ്ങളുടെ ആവശ്യം ന്യായമാണെന്ന് സ്ഥാപിക്കാൻ സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെ വനിതകൾക്കായി. അതുവഴി സാമൂഹികമായ അംഗീകാരം കൂടി അവർ നേടിയെടുക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ഭരണ കർത്താക്കൾ സ്ത്രീകളുടെ ആവശ്യം ന്യായവും ശക്തവുമാണെന്ന് മനസ്സിലാക്കി പരിവർത്തനത്തിന് നന്ദി കുറിക്കുകയായിരുന്നു. ആധുനിക ജീവിത സാഹചര്യം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ലഭ്യമാക്കാനുള്ള വാതായനമാണ് ഈ വലിയ മാറ്റത്തിലൂടെ തുറക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ അവകാശങ്ങളുടെയും ദിശയിലുള്ള സൗദി അറേബ്യയുടെ വൻ കുതിപ്പ് കൂടിയാണിത്.
പ്രവാസികളെ സംബസിച്ചിടത്തോളം ക്ഷീണമുണ്ടാക്കുന്നതാണെങ്കിലും തൊഴിൽ മേഖലയിലെ സ്ത്രീകളുടെ വൻ മുന്നേറ്റത്തിനും രാജ്യത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിനും ഇത് വഴിയൊരുക്കും. തൊഴിൽ രംഗത്തെ വനിതാ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യം കൈവരിക്കാനും ഇതെളുപ്പമാക്കും. അര ലക്ഷത്തോളം വനിതകൾ ഇതിനകം ലൈസൻസ് സ്വന്തമാക്കി കഴിഞ്ഞു. വിദേശ ലൈസൻസുള്ളവർക്ക് അതു മാറ്റിയെടുക്കുന്നതിന് ഉദാര സമീപനങ്ങൾ സ്വീകരിച്ചും പുതുതായി ലൈസൻസ് എടുക്കാൻ ഒട്ടേറെ സൗകര്യങ്ങൾ എർപ്പെടുത്തിയും കൂടുതൽ പേർക്ക് ലൈസൻസ് ലഭ്യമാക്കാനുള്ള നടപടികൾ ശക്തമാണ്. വരും ദിനങ്ങളിൽ ലക്ഷക്കണക്കിനു വനിതകളായിരിക്കും ഈ രംഗത്തേക്കു കടന്നു വരിക. ഇക്കാലമത്രയും ഡ്രൈവർമാരെ മാത്രം ആശ്രയിച്ചു ദൈനംദിന കാര്യങ്ങൾ ചെയ്തിരുന്നവർക്ക് ഇനി അതിനായി കാത്തിരിക്കുകയോ പണം ചെലവഴിക്കുകയോ വേണ്ടതില്ല. ജോലിക്കു പോകുന്നതിനും കുട്ടികളെ സ്‌കൂളുകളിൽ ആക്കുന്നതിനും ഷോപിംഗിനും ഡ്രൈവർമാർക്കായി കാത്തിരിക്കേണ്ടതില്ല. 
വരും ദിനങ്ങളിൽ ടാക്‌സി മേഖലയിൽ സ്ത്രീ സ്വാധീനം ശക്തമായിരിക്കും. പ്രമുഖ ഓൺലൈൻ ടാക്‌സി കമ്പനികളായ കരീം, ഊബർ എന്നിവിടങ്ങളിൽ ടാക്‌സി ഡ്രൈവർമാരായി ജോലി ചെയ്യാൻ നൂറുകണക്കിന് സ്ത്രീകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇവരിൽ പലർക്കും ദുബായിൽ പരിശീലനം നൽകി ഡ്രൈവിംഗ് അനുമതി ലഭിച്ച ദിനം തന്നെ ടാക്‌സി കമ്പനികൾ വനിതാ ടാക്‌സികൾ റോഡിലിറക്കി. ഊബർ കമ്പനിയുടെ ഉപയോക്താക്കളിൽ 80 ശതമാനവും കരീം കമ്പനിയുടെ ഉപയോക്താക്കളിൽ 70 ശതമാനവും സ്ത്രീകളാണ്. അതുകൊണ്ട് വനിതാ ഡ്രൈവർമാർക്ക് സാധ്യതകൾ ഏറെയാണ്. സ്വയം തൊഴിൽ പദ്ധതി പ്രകാരം ടാക്‌സി മേഖലയിൽ പ്രവർത്തിക്കുന്നതിന് കാറുകൾ വാങ്ങാൻ പലിശരഹിത വായ്പയായി ഒന്നര ലക്ഷം റിയാൽ വരെ നൽകാൻ സാമൂഹിക വികസന ബാങ്ക് തയാറായിട്ടുമുണ്ട്. വാഹന വിപണിക്ക് ഉണർവേകാൻ ഇതു സഹായിക്കും.
രാജ്യത്തിന്റെ സമ്പത്ത് ചോരുന്നത് തടയാനും ലക്ഷക്കണക്കിന് വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകം എന്നതും ഈ നടപടി കൊണ്ടുണ്ടായ വലിയ നേട്ടമാണ്. രാജ്യത്ത് 14 ലക്ഷത്തോളം ഹൗസ് ഡ്രൈവർമാരുണ്ടെന്നാണ് കണക്ക്. ആകെയുള്ള വിദേശ തൊഴിലാളികളുടെ 12 ശതമാനം വരുമിത്. ഇവരുടെ വേതനയിനത്തിൽ 2500 കോടി റിയാൽ സൗദി കുടുംബങ്ങൾ പ്രതിവർഷം ചെലവഴിക്കുന്നുണ്ട്. ഇതിനു പുറമെ റിക്രൂട്ട്‌മെൻറ്, വിസ,  ഇഖാമ, ടിക്കറ്റ്, താമസം, ഭക്ഷണം, ചികിത്സ ഇനത്തിൽ 1900 ലേറെ കോടി റിയാലും പ്രതിവർഷം ചെലവാക്കുന്നു. അടുത്ത പത്തു വർഷം കൊണ്ട് ഇത് പകുതിയാക്കി കുറക്കാനാവുമെന്നാണ് കണക്കാക്കുന്നത്.  എങ്കിലും വിദേശ ഡ്രൈവർമാരുടെ തൊഴിലവസരം പൂർണമായും ഇല്ലാതാകാനുള്ള സാധ്യത വിരളമാണ്. കാരണം മുഴുവൻ സ്ത്രീകൾ ലൈസൻസ് എടുത്താലും ഡ്രൈവർമാരെ ജോലിക്കു വെക്കുന്നത് കുടുംബ മഹിമയായി സ്വദേശികളിൽ പലരും കരുതുന്നതിനാൽ ഡ്രൈവർ തസ്തിക അവസാനിക്കാൻ പോകുന്നില്ല. എന്തു തന്നെയായാലും വനിതകൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാൻ തുടങ്ങിയതിലൂടെ സൗദി അറേബ്യയുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക തലത്തിലെ പരിവർത്തനത്തിന്റെ നവയുഗമാണ് പിറന്നിട്ടുള്ളത്.

Latest News