Sorry, you need to enable JavaScript to visit this website.

വിവാഹത്തിനു വിസമ്മതിച്ച പെണ്‍കുട്ടിയെ മുടി വെട്ടി ഗ്രാമത്തിലൂടെ നടത്തിച്ചു

മേദിനിനഗര്‍-വിവാഹത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് 19 കാരിയെ മര്‍ദിക്കുകയും തല മുണ്ഡനം ചെയ്ത ശേഷം പരേഡ് നടത്തുകയും ചെയ്തു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നിര്‍ദേശപ്രകാരമാണ്  പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രമമെന്നും പോലീസ് പറഞ്ഞു. ജാര്‍ഖണ്ഡ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 185 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.
മൂന്ന് പഞ്ചായത്ത് അംഗങ്ങളും യുവതിയുടെ സഹോദരീഭാര്യയും ഉള്‍പ്പെടെ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പടാന്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗുല്‍ഷന്‍ ഗൗരവ് പറഞ്ഞു.
പെണ്‍കുട്ടിയെ മേദിനിനഗര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏപ്രില്‍ 20 ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍ നിശ്ചിത തീയതിയില്‍ വരന്‍  ഗ്രാമത്തില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് അപ്രത്യക്ഷയായ പെണ്‍കുട്ടി 20 ദിവസത്തിനു ശേഷം ഞായറാഴ്ചയാണ് തിരിച്ചെത്തിയതെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് വിളിച്ചുകൂട്ടി. പഞ്ചായത്ത്  എവിടെ ആയിരുന്നുവെന്ന് ചോദിച്ചെങ്കിലും മൗനം പാലിച്ചു. ഇതിനു പിന്നാലെ പഞ്ചായത്ത് അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുടി വെട്ടി ഗ്രാമത്തില്‍ പരേഡ് നടത്തിയത്.

 

Latest News