Sorry, you need to enable JavaScript to visit this website.

മൂന്നു പതിറ്റാണ്ടോളം മകനെ നിഷേധിക്കാൻ കാരണം കുടുംബവഴക്കെന്ന് മാതാവ്

ജിദ്ദ - കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് തനിക്ക് 32 വർഷത്തോളം മകനെ നിഷേധിക്കുകയായിരുന്നെന്ന് മൂന്നു ദശകത്തിലേറെ കാലം നീണ്ട ഇടവേളക്കു ശേഷം മകനായ സൗദി യുവാവ് തുർക്കി അൽസുനൈദിനെ വീണ്ടും കൺകുളിർക്കെ കാണാൻ കഴിഞ്ഞ ഈജിപ്തുകാരി അബീർ ഹനഫി പറഞ്ഞു. സൗദിയിൽ വെച്ച് തനിക്കും ഭർത്താവിനുമിടയിൽ പ്രശ്‌നമുണ്ടായതോടെ സ്വന്തം കുടുംബാംഗങ്ങളെ കാണാൻ ഈജിപ്തിലേക്ക് യാത്ര പോകാമെന്ന് ഭർത്താവ് തന്നോട് പറയുകയായിരുന്നു. മകനെ കൂടി ഒപ്പം കൂട്ടാൻ താൻ ആവശ്യപ്പെട്ടപ്പോൾ, രണ്ടു ദിവസത്തിനു ശേഷം നമുക്ക് സൗദിയിലേക്ക് തന്നെ മടങ്ങാമെന്ന് പറഞ്ഞ് ഭർത്താവ് നിരാകരിച്ചു. 
താനും ഭർത്താവും ഈജിപ്തിലെത്തിയ ശേഷം മറ്റു പ്രശ്‌നങ്ങളും ഉടലെടുത്തു. തുടർന്ന് തന്റെ കുടുംബാംഗങ്ങൾ പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെ ഭർത്താവ് ഒറ്റക്ക് സൗദിയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് മകനുമായി ഫോണിൽ ബന്ധപ്പെട്ട് സംസാരിക്കാൻ താൻ ശ്രമിച്ചെങ്കിലും ഭർത്താവിന്റെ കുടുംബാംഗങ്ങൾ വിലങ്ങുതടിയായി നിന്നതിനാൽ വിജയിച്ചില്ല. താൻ മരിച്ചെന്ന് മകനോട് തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ മകനുമായി ആശയവിനിമയം നടത്താൻ സാധില്ലെന്നുമാണ് ഭർതൃകുടുംബം തന്നോട് പറഞ്ഞത്. 
മകൻ തന്നെ അന്വേഷിക്കുന്നുണ്ടെന്ന വിവരം ഈജിപ്തിലെ സൗദി എംബസിയാണ് ഫോണിലൂടെ ആദ്യമായി അറിയിച്ചത്. തുടക്കത്തിൽ തനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. മരണപ്പെടുന്നതിനു മുമ്പ് മകനെ കാണാൻ സാധിക്കണമെന്ന പ്രാർഥനയോടെയാണ് ഇക്കാലമത്രയും താൻ ജീവിച്ചത്. ഇത്രയും ദീർഘകാലത്തെ വേർപാടിനു ശേഷം മകനെ കാണാൻ സാധിച്ചതിൽ ദൈവത്തെ സ്തുതിക്കുന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും ഈജിപ്തിലെ സൗദി എംബസിക്കും മകന്റെ ഭാര്യ ഹുസ്സക്കും നന്ദി. 
മകന്റെ ഭാര്യയാണ് തനിക്കു വേണ്ടിയുള്ള അന്വേഷണത്തിന് മകന് പിന്തുണ നൽകുകയും ഇക്കാര്യത്തിൽ നിരന്തം ആവേശം നൽകുകയും ചെയ്തിരുന്നത്. നാലു വയസ് പ്രായമുള്ളപ്പോഴുള്ള മകന്റെ ഫോട്ടോയിലേക്ക് നോക്കിയാണ് ഇത്രയും കാലം താൻ കഴിഞ്ഞത്. വളർന്ന് വലുതായപ്പോൾ മകന്റെ രൂപഭാവങ്ങളെല്ലാം മാറിയിരിക്കുന്നു. പിതാവിന്റെ രൂപസാദൃശ്യമാണ് മകനും ലഭിച്ചിരിക്കുന്നത്. നല്ല ആരോഗ്യവാനായി നല്ല നിലയിൽ മകനെ കാണാൻ കഴിഞ്ഞതിൽ സർവശക്തനെ സ്തുതിക്കുന്നതായും അബീൽ ഹനഫി പറഞ്ഞു. ദീർഘ കാലത്തെ അന്വേഷണത്തിനൊടുവിൽ സൗദി യുവാവ് തുർക്കി അൽസുനൈദ് ഈജിപ്തിലെ സൗദി എംബസി സഹായത്തോടെ ദിവസങ്ങൾക്കു മുമ്പാണ് സ്വന്തം മാതാവിനെ കണ്ടെത്തിയത്.
 

Latest News