ഷാജിയുടെ വീട്ടില്‍ കയറിയാല്‍ കൈയും കാലും കാണില്ല; മന്ത്രി വി.അബ്ദുറഹ്മാന് പി.കെ.ബഷീറിന്റെ താക്കീത്

മലപ്പുറം- കെ.എം.ഷാജിയുടെ വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാവില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാനെ ഓര്‍മിപ്പിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. ബഷീര്‍.
മന്ത്രി അബ്ദുറഹ്മാനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയും തമ്മിലുള്ള വരാക്‌പോരില്‍ ഇടപെട്ടാണ് പി.കെ. ബഷീറിന്റെ പരാമര്‍ശം.
വേണമെങ്കില്‍ ഞങ്ങള്‍ നിന്റെ വീട്ടില്‍ പോലും കടന്നുകയറുമെന്ന് ഷാജിയോട് വി അബ്ദുറഹിമാന്‍ പറഞ്ഞത് വിവാദമായിരുന്നു.
ഷാജിയുടെ വീട്ടില്‍ കയറും എന്നത് അബ്ദുറഹ്മാന്റെ തോന്നല്‍ മാത്രമാണ്. വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാവില്ല എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ആളുകളോട് ആത്മസംയമനം പാലിക്കാന്‍ ഞങ്ങള്‍ പറയും. ബാക്കി പണി ഞങ്ങള്‍ക്കാണ്. ലീഗില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഓരോരുത്തരെയായി ആരും ഉന്നംവെക്കേണ്ടതില്ല- ബഷീര്‍ പറഞ്ഞു.

മുസ്ലിം ലീഗിന് സ്വാധീനമുള്ള ദുരന്തമേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടന്നുവരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന് കഴിഞ്ഞ ദിവസം കെ.എം ഷാജി പറഞ്ഞതോടെയാണ് വാക് പോര് തുടങ്ങിയത്.
നിന്റെ വീട്ടില്‍ പോലും ഞങ്ങള്‍ കടന്നുകയറുമെന്നായിരുന്നു ഷാജിയുടെ പരാമര്‍ശത്തിന് മന്ത്രി വി അബ്ദുറഹ്മാന്റെ മറുപടി. മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആ മുഖ്യമന്ത്രിക്ക് താനൂരില്‍ കടന്നുവരാന്‍ ഒരാളുടെയും അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്നയാളാണ് കെ.എം ഷാജി. മുസ്ലിം ലീഗിനെ തോല്‍പ്പിച്ചാണ് താനൂരില്‍ രണ്ടു തവണ ജയിച്ചതെന്ന് ഓര്‍ക്കണം- മന്ത്രി പറഞ്ഞു.
തന്റെ വീട്ടില്‍ ആര്‍ക്കും വരാമെന്നും പക്ഷേ അതിന് മുമ്പ് താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 ജീവന്‍ നഷ്ടമായതിന്റെ ചോരക്കറ കളയണമെന്നും പിണറായി വീട്ടില്‍ വന്നാല്‍ പോലും ഞാന്‍ കട്ടന്‍ചായ കൊടുക്കുമെന്നുമായിരുന്നു തുടര്‍ന്ന് ഷാജിയുടെ മറുപടി.

 

Latest News