കർണാടക തെരഞ്ഞെടുപ്പു ഫലം സംസ്ഥാനത്തിന്റെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ നിർണായക വഴിത്തിരിവാകാൻ പോകുന്നു എന്നതിൽ സംശയമില്ല. ബി.ജെ.പിക്ക് ഭരണമുള്ള ഒരേ ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനം എന്ന അപഖ്യാതിയെ തിരുത്തിക്കുറിച്ച് കർണാടകം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി യു ടേണിൽ തിരിച്ചുവിടുമെന്നു തന്നെ പ്രതീക്ഷിക്കാം. വരാൻ പോകുന്ന മറ്റു നിയമസഭ തെരഞ്ഞെടുപ്പുകളെയും ജനാധിപത്യ ഇന്ത്യയുടെ ഭാവി തന്നെ തീരുമാനിക്കാൻ പോകുന്ന അടുത്ത വർഷത്തെ ലോകസഭ തെരഞ്ഞെടുപ്പിനെയും ഏറെ സ്വാധീനിക്കാൻ പോകുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പു ഫലം എന്നതിൽ ഒരു സംശയവും വേണ്ട.
തീർച്ചയായും കോൺഗ്രസിനും പ്രതിപക്ഷത്തിനും നിലനിൽപിന്റെ പ്രശ്നം തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ജനാധിപത്യ ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുള്ള ഏവരും ആശങ്കയോടെ നിരീക്ഷിച്ച ഒന്ന്. ആ വെല്ലുവിളിയെ അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുത്ത കർണാടകത്തിലെ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും നിർവഹിച്ചത് രാജ്യത്തിന്റെ ഭാവി ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തുമെന്നതിൽ സംശയമില്ല. വർഗഗ്ഗീയതയും മുസ്ലിം വിരുദ്ധതയും ഇളക്കിവിട്ടാൽ തകരുന്നതേയുള്ളൂ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ എന്ന ധാരണയെയാണ് അവർ തകർത്തിരിക്കുന്നത്. ഹിജാബ് വിവാദം, കന്നുകാലി കശാപ്പ് നിയമം നടപ്പാക്കൽ, പള്ളികളിലെ ബാങ്ക് വിളി നിയന്ത്രണം, മദ്രസകളെ അധിക്ഷേപിക്കൽ, മുസ്ലിം സംവരണം അവസാനിപ്പിക്കൽ, ടിപ്പുവിനെതിരായി വ്യാപക പ്രചാരണം, ദി കേരള സ്റ്റോറിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കൽ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കൽ, മതപരിവർത്തന നിരോധനം എന്നിവയൊക്കെ അത്തരം വിശ്വാസത്തിന്റെ പിൻബലത്തിലായിരുന്നു ബി.ജെ.പിയുടെ അജണ്ടയായത്. എന്നാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കും എന്നതു മുതൽ ബജ്റംഗദളിനെ നിരോധിക്കുമെന്നു വരെ പ്രഖ്യാപിക്കാനുള്ള ആർജവം കോൺഗ്രസ് കാണിച്ചു. ഒപ്പം പാവപ്പെട്ട ജനവിഭാഗങ്ങൾക്കു ഗുണകരമായ നിരവധി പ്രഖ്യാപനങ്ങളും നടത്തി. അവയെല്ലാം ഫലം കാണുകയും ചെയ്തു.
ഈ തെരഞ്ഞെടുപ്പു ഫലം മറ്റൊരു മിത്തിനെയും തകർത്തു. നരേന്ദ്ര മോഡദിയെന്ന ബിംബത്തെ രംഗത്തിറക്കിയാൽ എന്തിനെയും നിഷ്പ്രയാസം അതിജീവിക്കാമെന്ന ധാരണയാണത്. അഭിപ്രായ വോട്ടെടുപ്പുകളിൽ നേരിയ മുൻതൂക്കം കോൺഗ്രസിനു കൽപിച്ചിരുന്നതിനാലാകാം ബി.ജെ.പി ജീവന്മരണ പോരാട്ടമായാണ് രംഗത്തിറങ്ങിയത്. സംസ്ഥാന നേതാക്കൾക്ക് വലിയ പ്രാധാന്യം കൊടുക്കാതെ മോഡി തന്നെ നേരിട്ടാണ് പ്രചാരണത്തിനു നേതൃത്വം നൽകിയത്. ഒരു തെരഞ്ഞെടുപ്പിലും ഒരു സംസ്ഥാനത്തും മോഡി ഇത്രമാത്രം സമയം ചെലവഴിച്ചിരിക്കില്ല. ബാംഗ്ലൂരിലും മാംഗ്ലൂരിലും 25 കിലോമീറ്റർ വീതമാണ് അദ്ദേഹം റോഡ് ഷോ നടത്തിയത്. എന്നിട്ടുമത് ഫലം ചെയ്തില്ല എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയിലെ ആധുനിക യുവത്വത്തിന്റെ ഹീറോ മോഡിയാണെന്നാണല്ലോ പ്രചരിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ വികസന സങ്കൽപം അധികം താമസിയാതെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്നും. എന്നാൽ രാജ്യത്തെ ഏറ്റവും ആധുനിക നഗരമായ, ടെക്കികളായ ലക്ഷക്കണക്കിനു ചെറുപ്പക്കാർ ജീവിക്കുന്ന ബാംഗ്ലൂരിൽ പോലും ബി.ജെ.പിക്ക് ലഭിച്ചത് വൻ തിരിച്ചടിയാണ്. മോഡിയെന്ന മിത്തിന്റെ തകർച്ച വരുംതെരഞ്ഞെടുപ്പുകളെ കാര്യമായി സ്വാധീനിക്കുമെന്നതിൽ ഒരു സംശയവുമില്ല.
അഴിമതിയില്ലാമുഖം എന്ന അവകാശവാദം നിലനിർത്തി അദാനിയടക്കമുള്ളവരുമായി നടത്തുന്ന കോടികളുടെ അഴിമതിക്കഥകൾ മറച്ചുവെക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. എന്നാൽ കർണാടകത്തിൽ അതും തകർന്നു. അഴിമതിയിലും അധികാര ദുർവിനിയോഗത്തിലും മുങ്ങിയ, 40 ശതമാനം കമ്മീഷൻ സർക്കാരാണിതെന്ന പ്രതിപക്ഷ ആരോപണത്തെ ജനം അംഗീകരിച്ചിരിക്കുന്നു. അഴിമതിക്കെതിരായി നിലപാടെടുക്കാൻ ഇന്ത്യൻ ജനത ഇപ്പോഴും തയാറാണെന്ന അറിവ് ജനാധിപത്യ വാദികൾക്ക് നൽകുന്ന ഊർജം ചെറുതല്ല. രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയൊരു മുഖം പ്രദാനം ചെയ്ത് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോയാത്ര യുവജനങ്ങൾ ഏറ്റെടുത്തു എന്നതും ഈ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു എന്നുറപ്പിച്ചു പറയാം. അദ്ദേഹം തന്നെ പറഞ്ഞ പോലെ വെറുപ്പിന്റെ ചന്തയിൽ കർണാടകത്തിലെ ജനങ്ങൾ സ്നേഹത്തിന്റെ കട തുറന്നിരിക്കുന്നു.
സ്വാഗതാർഹമായ മറ്റൊന്ന് ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ പണവും സ്വാധീനവും ഭീഷണിയുമുപയോഗിച്ച് അട്ടിമറിക്കുന്ന ബി.ജെ.പി തന്ത്രം ഇവിടെ നടക്കാനിടയില്ല എന്നതാണ്. കർണാടകയിൽ തന്നെ 2018 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും അധികാരത്തിലേത്തിയ കോൺഗ്രസ് ജെ. ഡി.എസ് സഖ്യത്തെ തികച്ചും ജനാധിപത്യ വിരുദ്ധമായി അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഇക്കുറിയും അത്തരത്തിലുള്ള നീക്കങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് നേടിയ ഉജ്വല വിജയം അതിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയിരിക്കുന്നു. മാത്രമല്ല. ഇ.ഡിയടക്കമുള്ള എല്ലാ ഏജൻസികളെയുമുപയോഗിച്ച് ഡി.കെ. ശിവകുമാറെന്ന ശക്തനായ നേതാവിനെ തളയ്ക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. ഇനിയും അത്തരം ശ്രമം നടക്കാനിടയുണ്ട്. ശിവകുമാറാകട്ടെ, ബി.ജെ.പിക്ക് അവരുടെ ആയുധങ്ങളിൽ തന്നെ മറുപടി നൽകുകയായിരുന്നു. അങ്ങനെയായിരുന്നു പല ബി.ജെ.പി നേതാക്കളെയും ലിംഗായത്ത് പോലുള്ള വിഭാഗങ്ങളെയും സ്വന്തം പക്ഷത്താക്കാൻ അദ്ദേഹത്തിനായത്. കിംഗ് മേക്കാറാകാനുള്ള ജെ.ഡി.എസിന്റെ സ്വപ്നങ്ങളും തകർന്നിരിക്കുന്നു. ശിവകുമാറും സിദ്ധരാമയ്യയുമായി അധികാരത്തിനായുള്ള വടംവലി നടക്കില്ല എന്നും നേതൃത്വത്തെ ഭിന്നതകളില്ലാതെ തെരഞ്ഞെടുക്കാനാകുമെന്നും തന്നെ കരുതാം. ന്യായമായും ഇത്തവണയത് ശിവകുമാറിന് അർഹതപ്പെട്ടതാണ് എന്നു പറയാതെ വയ്യ.
വരാൻ പോകുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം നടത്തി, ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നേതൃപദവി ഏറ്റെടുക്കാൻ കഴിയണമെങ്കിൽ കോൺഗ്രസിനു കർണാടകയിൽ വിജയം അനിവാര്യമായിരുന്നു. അത് നേടുകയും ചെയ്തിരിക്കുന്നു. രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളി തിരിച്ചറിയാനും യാഥാർത്ഥ്യ ബോധത്തോടെ സ്വന്തം താൽപര്യങ്ങളേക്കാൾ രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും താൽപര്യം ഉയർത്തിപ്പിടിച്ച് ഇടപെടാനും കോൺഗ്രസും പ്രതിപക്ഷപാർട്ടികളും പ്രാദേശിക പാർട്ടികളും തയയ്യാറായാൽ 37 ശതമാനം മാത്രം വോട്ട് വിഹിതമുള്ള ബി.ജെ.പിയുടെ കാവിരഥത്തെ കെട്ടിയിടാനാകുമെന്നുറപ്പ്.
ബി.ജെ.പിയാകട്ടെ, കർണാടക പിടിച്ചാൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നു കൂടി മത്സരിക്കാൻ മോഡി തയാറാകുന്നു എന്നും പരിഗണിക്കപ്പെടുന്ന സീറ്റുകളിൽ ഒന്ന് തിരുവനന്തപുരമാണെന്നുമുള്ള വാർത്തകളും പുറത്തുവന്നത് വെറുതെയായിരുന്നില്ല. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദക്ഷിണേന്ത്യ ഇന്ത്യയിൽ നിന്ന് വിഭജിക്കപ്പെടുമെന്ന പ്രചാരണം പോലും നടത്തിയിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ടാർഗറ്റ് 2025 ആണല്ലോ. അതിനാൽ തന്നെ 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യം. രാജ്യമെമ്പാടും പാർട്ടിയെ സജീവമാക്കിയും മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളെ ഭീഷണികളും പ്രലോഭനങ്ങളും വഴി ചാക്കിട്ടു പിടിച്ചും അതിനു കഴിയാത്തവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കിയും നീതിപീഠത്തെ പോലും സ്വാധീനിച്ച് അനുകൂല വിധികൾ നേടിയെടുത്തും മാധ്യമങ്ങളെ കൈക്കലാക്കിയും ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടെ നിർത്തി ന്യൂനപക്ഷ വിരുദ്ധരല്ല എന്നു സ്ഥാപിക്കാൻ ശ്രമിച്ചുമാണ് ബ.ിജെ.പി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറാകുന്നത്. എന്നാൽ ആ ലക്ഷ്യത്തിനേറ്റ ചെറുതല്ലാത്ത തിരിച്ചടിയാണ് കർണാടക ഫലം എന്നതിൽ സംശയമില്ല.






