രാഹുൽ ഗാന്ധിയുടെ വലിയച്ഛൻ ജവാഹർ ലാൽ നെഹ്‌റു 1949 ൽ ആർ.എസ്.എസുമായി ആശയ പോരാട്ടത്തിനിറങ്ങുമ്പോൾ അദ്ദേഹത്തിന് 60 വയസ്സായിരുന്നു പ്രായം. ഹിന്ദു സങ്കൽപത്തിൽ പുരുഷൻ വാനപ്രസ്ഥം സ്വീകരിക്കേണ്ട കാലം. എന്നിട്ടുമദ്ദേഹം അടങ്ങിയിരുന്നില്ല. അറുപത് വയസ്സ് തികയുന്ന ദിനത്തിൽ നെഹ്‌റുവിന്റെ ദൗത്യം ആർ.എസ്.എസിന്റെ താത്വികാചാര്യൻ ഗുരുജി ഗോൾവാൾക്കർക്ക് മറുപടി പറയലായിരുന്നു. ആർ.എസ്.എസിന്റെ വിലക്ക് നീക്കിയ സാഹചര്യത്തിൽ രാജ്യത്തൊട്ടാകെ ആശയ പ്രചാരണത്തിനിറങ്ങിയ ഗോൾവാൾക്കറെ ഫലപ്രദമായി പ്രതിരോധിക്കാൻ അന്ന് നെഹ്‌റുവേ ഉണ്ടായിരുന്നുള്ളൂ. ഗോൾവാൾക്കർ പ്രസംഗിക്കാനെത്തിയ മുംബൈയിലെ ശിവജി പാർക്കിൽ അന്ന് ഒരു ലക്ഷം പേരായിരുന്നു തടിച്ചുകൂടിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഗോൾവാൾക്കർ പ്രസംഗിച്ച സ്ഥലത്തു തന്നെ നെഹ്‌റു പ്രസംഗിക്കാനെത്തി. ജനക്കൂട്ടം പക്ഷേ ആറ് ലക്ഷമായിരുന്നു. മനുഷ്യക്കടലാകെ അന്ന് നെഹ്‌റുവിനെ ഹൃദയപൂർവം കേട്ടു. ഗോൾവാൾക്കർ പറഞ്ഞതിനെയെല്ലാം നേരിടാൻ നെഹ്‌റുവിന്റെ കൈയിൽ ഏകാധിപത്യത്തിനെതിരെ ജനാധിപത്യം, ഹിന്ദു മൗലിക വാദത്തിനെതിരെ മത നിരപേക്ഷത എന്നീ ആശയങ്ങളാണ് ഉണ്ടായിരുന്നത്. ഈ പറഞ്ഞ ആശയം കേൾക്കാനാണ് ഗോൾവാൾക്കറെ കേൾക്കാനെത്തിയതിനേക്കാൾ ആറിരട്ടി മനുഷ്യർ അന്ന് ഒഴുകിയെത്തിയത്. കടകളടച്ചും ജോലി നിർത്തി വെച്ചുമായിരുന്നു ജനങ്ങൾ അന്ന് മൈതാനത്തെത്തിയത്. അവർക്ക് നെഹ്‌റുവിനെ കേട്ടാൽ മാത്രം മതിയായിരുന്നില്ല. കാണുകയും വേണമായിരുന്നു. അതിനായവർ കിട്ടാവുന്ന ഉയരങ്ങൾ തേടി. ഗോൾവാൾക്കർ നട്ടു നനച്ച ആശയത്തിന്റെ വക്താക്കൾ ഇന്ത്യയെ കീറിമുറിക്കുന്ന ആധുനിക കാലത്ത് നേരിടാനിറങ്ങിയ രാഹുൽ ഗാന്ധിക്ക് ഷഷ്ടി പൂർത്തിയാകാൻ (അറുപത് തികയാൻ) ഇനിയുമുണ്ട് കാലം. ഇപ്പോൾ രാഹുലിന്റെ പ്രായം 52. കർണാടക വിജയത്തിന്റെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ചെറുപ്പത്തിനും പ്രസക്തിയേറെയാണ്. രാഹുലിനെതിരെ വെറുപ്പിന്റെ കടകൾ തുറന്ന് ഉൽപന്നങ്ങൾ വിൽക്കുന്ന മുഖ്യ കച്ചവടക്കാരെല്ലാം ഇപ്പോൾ തന്നെ വൃദ്ധരാണ്. മനുഷ്യ വിരുദ്ധമായ ആശയങ്ങൾ അവരെ കൂടുതൽ വൃദ്ധരും അവശരമാക്കുന്നുണ്ട്. അതവർക്ക് മനസ്സിലാകുന്നില്ലെങ്കിലും കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് വേഗം മനസ്സിലാകും. അതങ്ങനെ മനസ്സിലായി തുടങ്ങിയതിന്റെ സൂചനയുമാണ് കർണാടകയിലെ ജനങ്ങൾ നൽകിയ വിധിയെഴുത്ത്. രാഹുൽ ഗാന്ധി ഭാരത് ജോഡോ പദയാത്ര കടന്നുപോയ 20 നിയമസഭ മണ്ഡലങ്ങളിൽ 15 ഇടത്തും കോൺഗ്രസാണ് വിജയക്കൊടി ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ യാത്രയെ ജനങ്ങൾ എങ്ങനെ സ്വീകരിച്ചുവെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ല.
'രാഹുൽ ഗാന്ധി ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് നടന്നടുത്തു. ഗാന്ധിജിയുടേത് പോലെ സൗമ്യമായ വഴിയിലൂടെ സ്‌നേഹത്തോടും വിനയത്തോടും കൂടി വിശ്വസനീയവും ആദരണീയവുമായ സമീപനത്തോടെ ജനാധിപത്യ ശക്തികളെ ഇളക്കി മറിക്കാൻ കഴിഞ്ഞു.' നടനും സാമൂഹ്യ നിരീക്ഷകനുമായ കമൽ ഹാസന്റെ വാക്കുകളിൽ എല്ലാം ഉൾച്ചേർന്നിരിക്കുന്നു.
പ്രധാനമന്ത്രി എല്ലാ ആഡംബരങ്ങളോടെയും ബംഗളൂരുവിൽ റോഡ് ഷോ നടത്തി ഇളക്കി മറിക്കുമ്പോൾ ഭക്ഷണം വിതരണം നടത്തുന്ന ജീവനക്കാരന്റെ ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സഞ്ചരിച്ച രാഹുൽ ഗാന്ധി ജനങ്ങൾക്ക് കൊടുത്ത സന്ദേശവും നെഹ്‌റു അദ്ദേഹത്തിന്റെ ആദ്യകാല ആർ.എസ്.എസ് പ്രതിരോധ യാത്രകളിലെടുത്ത നിലപാടുകളും തമ്മിൽ സാമ്യം നിരവധിയാണ്. ആർ.എസ്.എസ് ഇന്ത്യയിൽ നിയമ വിധേമായതിന്റെ ഭാഗമായായിരുന്നു ഗോൾ വാൾക്കറിന്റെ മേൽപറഞ്ഞ 'വിജയ യാത്ര'.
എന്നെ തടയാനാവില്ല, തോൽപിക്കാനാവില്ല എന്നതാണ് രാഹുൽ ഗാന്ധിയുടെ ശരീര ഭാഷയും സംസാര ഭാഷയും. അന്ന് അറുപത് കഴിഞ്ഞ നെഹ്‌റുവാണ് ജനങ്ങളെ സാക്ഷി നിർത്തി അങ്ങനെ പറഞ്ഞത്. ഇന്നിത് പറയുന്നത് 52 കാരനായ രാഹുൽ ഗാന്ധിയാണ്. 40 റാലികളും 12 റോഡ് ഷോകളുമാണ് രാഹുൽ ഗാന്ധിയും പ്രിയങ്കയും കർണാടകയിൽ നടത്തിയത്. കോൺഗ്രസ് തന്നെ നിരന്തരമായി അവഹേളിക്കുന്നുവെന്നു നരേന്ദ്ര മോഡി പരാതി പറഞ്ഞപ്പോൾ പ്രിയങ്കയുടെ മറുപടി- ''മോഡിജീ നിങ്ങൾ ഇങ്ങനെ സ്വന്തം കാര്യം പറഞ്ഞ് കരയരുത്. രാഹുലിനെ കണ്ടു പഠിക്കൂ.. രാജ്യത്തിനുവേണ്ടി ജീവൻ നൽകാനും അദ്ദേഹം തയാറാണ്....'' ഒരു വയസ്സിന് മാത്രം മൂത്ത പ്രിയ സഹോദരനനെ മുൻനിർത്തി പറഞ്ഞ വാക്കുകളിലെ പരിഹാസം ഉമിത്തീ പോലെ കത്തുന്നവയും ഉരുളക്കുപ്പേരിയുമായി. ഇതാണ് ആ സഹോദരങ്ങളുടെ കോമ്പിനേഷൻ.
കർണാടകയെ കോരിത്തരിപ്പിച്ച് പ്രിയങ്കയുടെ റോഡ് ഷോ എന്ന ടൈറ്റിലിൽ മനോഹരമായ ഒരു ഗാന വീഡിയോ ഇറങ്ങിയിട്ടുണ്ട്. അവിടെ ഇറങ്ങിയ അനേകായിരങ്ങളിൽ ഒന്നായിരിക്കാം ഇങ്ങനെ കൈമാറി നമ്മുടെയൊക്കെ കൈകളിലെത്തിയത്. നിസാർ കൊല്ലം 786 പാടിയതാണ്. ടിക് ടോകുകാരന്റെ ഒന്നാന്തരം മാപ്പിളപ്പാട്ട്. വരികളെല്ലാം പക്ഷേ കന്നഡ. ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പ് ഇരട്ടി ഇരട്ടിയായി പ്രചരിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് രംഗത്താണ് ഇതൊക്കെയെന്നോർക്കണം. ഇത്തരം പ്രചാരണ വഴികളിലൂടെ ആർ.എസ്.എസിന് മരുന്നിട്ടു കൊടുക്കരുത് എന്നുപദേശിക്കാൻ അവിടെയാരും ഓവർ ടൈം ചെയ്തില്ല. കാരണം മനുഷ്യരെയാകെ ചേർത്തു പിടിക്കുന്ന രാഹുൽ ഗാന്ധിയായിരുന്നു അവരുടെ ഊർജം. wwപല കാലത്തും നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട നിരവധി മുദ്രാവാക്യങ്ങൾ കൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ ചുമരുകൾ നിറഞ്ഞിട്ടുണ്ട്. ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ.. എന്നതൊക്കെ ഉദാഹരണം. വിദ്വേഷ രാഷ്ട്രീയത്തെയായിരുന്നു ജനപക്ഷ രാഷ്ട്രീയം കൊണ്ട് കോൺഗ്രസും രാഹുൽ ഗാന്ധിയും കർണാടക മണ്ണിൽ നേരിട്ടത്. ഈ പറഞ്ഞ ജനപക്ഷ രാഷ്ട്രീയത്തിനായി പട നയിക്കുന്ന രാഹുൽ ഗാന്ധിക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. ഭാരതനാടേ കരയണ്ട.
രാഹുൽ ഗാന്ധി വരുന്നുണ്ട് എന്നതായിരിക്കും വരും നാളുകളിൽ ഇന്ത്യയുടെ അന്തരീക്ഷത്തിൽ അശരീരിയായി മുഴങ്ങുന്ന മുദ്രാവാക്യം.






