കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പായ ബില്യൺ ലൈവ്സിന്റെ ഫിൻടെക് ഉൽപന്നമായ ഇംപാക്ട്ഗ്രോവ്സ് വിയന്നയിൽ പുറത്തിറക്കി. അന്താരാഷ്ട്ര പ്രശസ്തമായ ടെമനോസ് എക്സ്ചേഞ്ച് വിയന്നയിൽ നടത്തിയ ഫിൻടെക് വിപണിയിലാണ് ഇതിന് തുടക്കം കുറിച്ചത്. സുസ്ഥിര ലക്ഷ്യങ്ങൾ പാലിക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താനും അവർ മുന്നോട്ടു വെയ്ക്കുന്ന മൂല്യങ്ങൾ വിലയിരുത്താനും ബാങ്കുകളെ സഹായിക്കുന്ന ഫിൻടെക് ഉൽപന്നമാണ് ഇംപാക്ട്ഗ്രോവ്സ്. ലോകത്തെമ്പാടുമുള്ള ബാങ്കിംഗ് മേഖലയിലെ കോർ ബാങ്കിംഗ് സംവിധാനം കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയർ സ്ഥാപനമാണ് ടെമനോസ്. ഇവർ മുഖാന്തരം ഉൽപന്നം പുറത്തിറക്കുന്നത് വലിയ അംഗീകാരമായാണ് ഫിൻടെക് ലോകം കാണുന്നത്.
രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പുതിയ ബാങ്കിംഗ് വായ്പ നയമാണ് സുസ്ഥിര ലക്ഷ്യങ്ങളുടെ പാലനം. വൻകിട വായ്പകൾ നൽകുന്നതിന് സുസ്ഥിര ലക്ഷ്യങ്ങളും പാരിസ്ഥിതിക ഉത്തരവാദിത്ത മാനദണ്ഡങ്ങളും പാലിക്കേണ്ടത് അവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഉപഭോക്താക്കൾ പാലിക്കേണ്ട ഈ മാനദണ്ഡങ്ങൾ വളരെ പെട്ടെന്ന് വിലയിരുത്താനും അതിൽ തീരുമാനമെടുക്കാനും ബാങ്കുകളെ സഹായിക്കുന്നതാണ് ബില്യൺലൈവ്സ് വികസിപ്പിച്ചെടുത്ത ഈ ഉൽപന്നം.
ടെമനോസ് എക്സ്ചേഞ്ചിൽ പ്രവേശനം ലഭിച്ചതോടെ 150 രാജ്യങ്ങളിലെ 3000 ഓളം ഉപഭോക്താക്കളുമായി വാണിജ്യ ബന്ധം സ്ഥാപിക്കാനുള്ള അവസരമാണ് ബില്യൺലൈവ്സിന് കൈവന്നിരിക്കുന്നതെന്ന് ടെമനോസ് ഡയറക്ടർ മാർട്ടിൻ ബെയ്ലി പറഞ്ഞു. ഈ ആവാസ വ്യവസ്ഥയിലൂടെ ലോകമെമ്പാടുമുള്ള 120 കോടി ജനങ്ങളിലേക്കെത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെമനോസിന്റെ ഉപഭോക്താക്കൾക്ക് മലിനീകരണ നിവാരണ പ്രതിബദ്ധത പാലിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ ഇംപാക്ട്ഗ്രോസിലൂടെ സാധിക്കുമെന്ന് ബില്യൺലൈവ്സ് ടെക്നോളജി ഡയറക്ടർ സഞ്ജയ് വർമ്മ പറഞ്ഞു.
ഇതോടൊപ്പം ബില്യൺലൈവ്സിന്റെ വാണിജ്യ ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്ക് പുറമെ യു.എ.ഇ, ഫിലിപ്പൈൻസ്, മൗറീഷ്യസ് എന്നിവിടങ്ങളിലും ബില്യൺലൈവ്സ് പ്രവർത്തിക്കുന്നുണ്ട്.