Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിൽ നിക്ഷേപങ്ങൾ നടത്താൻ പ്രത്യേക സൗദി ഫണ്ട്

ജിദ്ദ - ബഹ്‌റൈനിൽ നിക്ഷേപങ്ങൾ നടത്താൻ സൗദി അറേബ്യ പ്രത്യേക ഫണ്ട് സ്ഥാപിച്ചതായി സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് വ്യക്തമാക്കി. സൗദി, ബഹ്‌റൈൻ ഏകോപന സമിതി മൂന്നാമത് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി. ഈ നിധി വഴി ബഹ്‌റൈനിൽ 500 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ഈ നിക്ഷേപാവസരങ്ങൾ സൗദിയിലെയും ബഹ്‌റൈനിലെയും സ്വകാര്യ മേഖലകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. സാമ്പത്തിക സാധ്യതയുള്ള, നന്നായി പഠിച്ച നിക്ഷേപാവസരങ്ങൾ സ്വകാര്യ മേഖലക്കു മുന്നിൽ അവതരിപ്പിക്കാൻ ബഹ്‌റൈനിൽ സംയുക്ത പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കും.
സൗദി, ബഹ്‌റൈൻ നഗരാസൂത്രണ കൗൺസിൽ സ്ഥാപിക്കാനും സൗദി, ബഹ്‌റൈൻ ഫോറം എല്ലാ വർഷവും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി, ബഹ്‌റൈൻ ഏകോപന സമിതി യോഗത്തിൽ 13 പദ്ധതികൾ വിശകലനം ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ ടൂറിസം മേഖലയുടെ സംയോജനം സാധ്യമാക്കിയിട്ടുണ്ടെന്നും എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
 

Latest News