ആഗോള റബർ ഉൽപാദനത്തിലെ കുറവ് വിലക്കയറ്റത്തിന് വേഗം പകരാം. ആഗോളതലത്തിൽ റബർ ലഭ്യത കുറയുമെന്ന ആശങ്ക ഏഷ്യൻ ടയർ വ്യവസായികളിൽ ഉടലെടുത്തിട്ടുണ്ട്. കാലാവസ്ഥ മാറ്റം നിമിത്തം ടാപ്പിങ് ദിനങ്ങൾ കുറഞ്ഞത് റബർ ക്ഷാമത്തിന് ഇടയാക്കി. അതേ സമയം വില ഉയർത്തി റബർ വാങ്ങാനുള്ള നീക്കം ടയർ വ്യവസായികൾ ദൃശ്യമായില്ല. ചൈനീസ് ടയർ മേഖലയിലെ ഉണർവ് ഷീറ്റിന് ഡിമാന്റ് ഉയർത്താം. ഏഷ്യൻ റബർ അവധി വ്യാപാരത്തിൽ വാങ്ങലുകാർ പിടിമുറുക്കാൻ ഇടയുണ്ട്. ഇന്ത്യൻ ടയർ കമ്പനികൾ കൊച്ചി, കോട്ടയം വിപണികളിൽ സജീവമെങ്കിലും അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഷീറ്റ് വിൽപനയ്ക്ക് ഇറങ്ങുന്നില്ല. എന്നാൽ വില ഉയർത്തി സ്‌റ്റോക്കിസ്റ്റുകളെ ആകർഷിക്കാനും അവർ തയാറാവുന്നില്ല.
ഏപ്രിലിൽ കിലോ 150 രൂപ രേഖപ്പെടുത്തിയ നാലാം ഗ്രേഡ് ഇതിനകം 160 വരെ ഉയർന്നു. ഷീറ്റ് ക്ഷാമം രൂക്ഷമായി തുടരുന്നത് കണക്കിലെടുത്താൽ വില 164 ലേയ്ക്ക് ഉയരേണ്ടതായിരുന്നു. വ്യവസായികൾ വിലക്കയറ്റം പിടിച്ചു നിർത്തി ചരക്ക് സംഭരണത്തിനുള്ള നീക്കത്തിലാണ്. അഞ്ചാം ഗ്രേഡ് 1,47,153 രൂപയിൽ നിന്നും 150-156 രൂപയായി.
സംസ്ഥാനത്തെ പ്രമുഖ ഏലക്ക ലേല കേന്ദ്രങ്ങളിൽ ലഭ്യത ഉയർന്നതിനാൽ നിരക്ക് ഉയർത്താതെ ചരക്ക് ശേഖരിക്കാനുള്ള ശ്രമത്തിലാണ് വാങ്ങലുകാർ. പല അവസരത്തിലും കനത്ത തോതിലുള്ള ചരക്ക് വരവ് കണ്ട് വാങ്ങലുകാർ ലേലത്തിൽ കാര്യമായ ആവേശം കാണിച്ചില്ല.
ഇത് മൂലം ശരാശരി ഇനങ്ങൾ കിലോ 1000 രൂപയിലേയ്ക്ക് താഴ്ന്ന് ഇടപാടുകൾ നടന്നു. ഓഫ് സീസണിലെ വിലക്കയറ്റത്തിന് തുരങ്കംവെച്ചത് വിദേശ ഏലം ഇറക്കുമതിയെന്നാണ് കാർഷിക മേഖലയുടെ വിലയിരുത്തൽ.
കാർഷിക മേഖലയിൽ നിന്നുള്ള കുരുമുളക് നീക്കം ശക്തമല്ലെങ്കിലും പിന്നിട്ട വാരം ഉൽപന്ന വില ക്വിന്റലിന് 200 രൂപ കുറഞ്ഞു. വില ഇടിവ് കണ്ട് സറ്റോക്കിസ്റ്റുകൾ ചരക്ക് വിൽപനയ്ക്ക് തിടുക്കം കാണിക്കുമെന്നാണ് ഉത്തരേന്ത്യൻ കറിമസാല വ്യവസായികൾ കണക്കുകൂട്ടിയത്.
എന്നാൽ വിൽപനക്കാരുടെ അഭാവം വാങ്ങലുകാർക്ക് തിരിച്ചടിയായി. ആഗോള കുരുമുളക് വില ഉയരുമെന്ന സൂചനകൾ കുരുമുളക് പൗഡർ യൂനിറ്റുകളെയും ചരക്ക് ശേഖരിക്കാൻ പ്രേരിപ്പിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് വില 48,600 രൂപ.
വിദേശത്ത് നിന്നും ചുക്കിന് അന്വേഷണങ്ങളുണ്ടെങ്കിലും വാങ്ങലുകാർ നിരക്ക് താഴ്ത്തി ചരക്ക് സംഭരിച്ചു. കിലോ 240, 275 രൂപയിൽ വ്യാപാരം നടന്ന ചുക്ക് വാരാന്ത്യം 230, 240 രൂപയായി. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നതോടെ കൊപ്രയാട്ട് മില്ലുകാർ സ്‌റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റുമാറാനുള്ള തിടുക്കത്തിലാണ്. കൊച്ചിയിൽ കൊപ്രയ്ക്ക് 100 രൂപ കുറഞ്ഞ് 8600 ലേയ്ക്ക് താഴ്ന്നു. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപന വ്യവസായികളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില കയറി ഇറങ്ങി. പവൻ വാരത്തിന്റെ തുടക്കത്തിൽ 45,200 ൽ നിന്ന് 45,560 ലേയ്ക്ക് കയറിയെങ്കിലും വാരാവസാനം വില 45,320 ലാണ്. ഗ്രാമിന് വില 5665 രൂപ.