നിഫ്റ്റി മൂന്നാം വാരവും കരുത്ത് നിലനിർത്തി 18,300 ന് മുകളിൽ ഇടം പിടിച്ചത് ആഭ്യന്തര വിദേശ നിക്ഷേപകരെ ആവേശം കൊള്ളിച്ചു. വിദേശ ഓപറേറ്റർമാർ എല്ലാ സെക്ടറിലെയും മുൻനിര ഓഹരികളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചത് നിഫ്റ്റി സൂചിക 245 പോയന്റ് പ്രതിവാര നേട്ടം സമ്മാനിച്ചു, ബോംബെ സെൻസെക്‌സ് പോയവാരം 973 പോയന്റ് ഉയർന്നു. തൊഴിൽ മേഖലയിലെ മാന്ദ്യം അമേരിക്കൻ മാർക്കറ്റിനെ സമ്മർദത്തിലാക്കിയെങ്കിലും ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ സാങ്കേതികമായി ബുള്ളിഷ് മൂഡിലാണ്. അതേ സമയം കർണാടക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് നേരിട്ട തിരിച്ചടിയുടെ പ്രതിഫലനം ഇന്ന് ഓഹരി ഇടപാടുകളുടെ തുടക്കത്തിൽ സൂചികയിൽ ചെറിയ തോതിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാം. തിരുത്തലുകളിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരം കണ്ടെത്താൻ വിദേശ ഓപറേറ്റർമാർ ശ്രമിക്കും.
വിദേശ ഫണ്ടുകൾ ഈ മാസം 13,278 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടിയപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മെയ് ആദ്യ പകുതിയിൽ ഏകദേശം 4000 കോടി രൂപയുടെ ബാധ്യതകൾ വിറ്റു. കഴിഞ്ഞ വാരം അവർ 1912 കോടി രൂപയുടെ ഓഹരികൾ വിറ്റു. പിന്നിട്ട വാരത്തിലെ വിദേശ നിക്ഷേപം 5626 കോടി രൂപയാണ്.
വിദേശ നിക്ഷേപം കനത്തതിനിടയിൽ ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടി. രൂപയുടെ മൂല്യം 81.68 ൽ നിന്നും ഡോളറിന് മുന്നിൽ അടിയറ പറഞ്ഞ് 82.22 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 82.15 ലാണ്. നിലവിലെ സ്ഥിതിയിൽ 82.50 റേഞ്ചിലേയ്ക്ക് രൂപ ദുർബലമാകാൻ ഇടയുണ്ട്. ഏഷ്യൻ കറൻസികൾക്ക് പലതിനും തളർച്ച. ചൈനീസ് യുവാൻ മൂല്യം ഡോളറിന് മുന്നിൽ 6.96 ആയി കുറഞ്ഞു.നിഫ്റ്റി 18,000 ലെ സപ്പോർട്ട് നിലനിർത്തിയത് പ്രദേശിക ഇടപാടുകാർക്ക് ആവേശമായി. 18,058 ൽ നിന്നുള്ള കുതിപ്പിൽ 18,262 ലെ പ്രതിരോധം തകർത്ത് 18,389 പോയന്റ് വരെ ഉയർന്നെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 18,314 ലാണ്. ഈ വാരം 18,449 പോയന്റിൽ ആദ്യ തടസ്സം, സൂചികയുടെ താങ്ങ് 18,118 ലാണ്. മറ്റു സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ പാരാബോളിക് എസ് എ ആർ, സൂപ്പർ ട്രെന്റ്, എം എ സി ഡി തുടങ്ങിയവ ബുള്ളിഷ് മൂഡിലാണ്.
നിഫ്റ്റി മെയ് ഫ്യൂച്ചേഴ്‌സ് വാരാന്ത്യ ദിനം 18,215 ൽ ൽ നിന്നും 18,365 വരെ ഉയർന്ന ശേഷം 18,333 ലാണ്. പുതിയ നിക്ഷേപകരുടെ വരവിൽ ഓപൺ ഇൻഡറസ്റ്റ് മുൻവാരത്തിലെ 113 ലക്ഷത്തിൽ നിന്നും 129 ലക്ഷമായി ഉയർന്നു. വിപണി 18,200 ലെ സപ്പോർട്ട് നിലനിർത്തുമെന്ന വിശ്വാസം വാങ്ങൽ താൽപര്യം ഉയർത്തി. 18,150 നെ സ്‌റ്റോപ്പ് ലോസായി പുതിയ നിക്ഷേപം നടത്തിയവർ ഉറ്റുനോക്കുന്നത് 18,600-18,650 റേഞ്ചിനെയാണ്. ബോംബെ സെൻസെക്‌സ് 61,054 ൽ നിന്നുള്ള മുന്നേറ്റത്തിൽ 62,000 പ്രതിരോധം തകർത്ത് 62,167 പോയന്റ് വരെ ഉയർന്നു. വെളളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 62,027 പോയന്റിലാണ്. ഈ വാരം സൂചികക്ക് 62,444 ലെ ആദ്യ പ്രതിരോധവും 61,331-60,636 താങ്ങുണ്ട്.
ക്രൂഡ് ഓയിലിനെ ബാധിച്ച സെല്ലിങ് പ്രഷർ തുടരുന്നു. ഉയർന്ന നിലവാരമായ 77 ഡോളറിൽ നിന്നും വാരമധ്യം 72 ലേയ്ക്ക് എണ്ണ വില ഇടിഞ്ഞു. ഈ അവസരത്തിലെ ലാഭമെടുപ്പിൽ 76 ഡോളറിലേക്ക് തിരിച്ചുവരവ് നടത്തിയ ക്രൂഡ് ഓയിൽ വാരാന്ത്യം 74.15 ഡോളറിലാണ്.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 2017 ഡോളറിൽ നിന്നും 2040 ലേയ്ക്ക് ഉയർന്ന വേളയിൽ ഉടലെടുത്ത വിൽപന സമ്മർദത്തിൽ 2000 ഡോളറിലേയ്ക്ക് തളർന്ന ശേഷം ക്ലോസിങിൽ 2010 ഡോളറിലാണ്. ഈ വാരം 2000 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 1954 ലെ താങ്ങിലേയ്ക്ക് സ്വർണം പരീക്ഷണങ്ങൾക്ക് നീക്കം തുടങ്ങും.